നോമ്പു വിചിന്തനം: ഇല്ലാതാകുന്ന അയല്‍പക്കങ്ങള്‍

രണ്ട് ഗ്രാമങ്ങള്‍ക്ക് മധ്യത്തില്‍ ഒരു ചെറിയ കുന്നുണ്ടായിരുന്നു. ആ കുന്നിന്‍മുകളിലാണ് സന്യാസിയുടെ വാസം. ഒരിക്കല്‍ കിഴക്ക് ഭാഗത്തുനിന്നും ഒരു കുടുംബം ആ കുന്ന് കടന്ന് സന്യാസിയുടെ അടുത്തെത്തി. ആ കുടുംബത്തിലെ പിതാവ്  സന്യാസിയോട് ചോദിച്ചു:

”താഴ്‌വാരത്ത് താമസിക്കുന്നവര്‍ എങ്ങനെയുണ്ട് ഗുരോ?”

”നിങ്ങള്‍ കടന്നുവന്ന കിഴക്കന്‍ നാട്ടിലുള്ളവരോ?” സന്യാസിയുടെ മറുചോദ്യം.

”അവര്‍ ദുഷ്ടരും ചതിയന്മാരുമാണ്. അഹങ്കാരികളും മോഷ്ടാക്കളുമാണ്” അയാള്‍ ശബ്ദമുയര്‍ത്തി.

സന്യാസി ഒരു നിമിഷം മൗനമായിരുന്നു. പിന്നെ തുടര്‍ന്നു:

”സ്‌നേഹിതാ… ഇതുതന്നെയാണ് ഈ പടിഞ്ഞാറന്‍ നാട്ടുകാരുടെ സ്ഥിതിയും. അവര്‍ ചതിച്ച് ചിലപ്പോള്‍ നിങ്ങളെ വധിക്കാനും സാധ്യതയുണ്ട്.”

”ഏതായാലും ഞങ്ങള്‍ ഈ മല കയറിവന്നു…, ഇനി  കുറച്ച് കാലം കഴിയട്ടെ. പോകാം.”

ആ കുടുംബം മലയിറങ്ങി പടിഞ്ഞാറന്‍ ഗ്രാമത്തിലേക്ക് പോയി. ഏതാനും ദിവസങ്ങള്‍ക്കുശേഷം മറ്റൊരു കുടുംബവും മലകയറി സന്യാസിയുടെ അടുത്തെത്തി. അവരും പടിഞ്ഞാറന്‍ പ്രദേശത്തെ ഗ്രാമത്തിലേക്ക് പോകാന്‍ ആഗ്രഹിച്ചെത്തിയവരായിരുന്നു. മലമുകളിലെ സന്യാസിയോട് അവരും അന്വേഷിച്ചു:

”ഗുരോ, ഈ നാട്ടുകാര്‍ എങ്ങനെയുള്ളവരാണ്.”

സന്യാസി പഴയപടി ആരാഞ്ഞു: ”നിങ്ങള്‍ കടന്നുവന്ന നാട്ടിലുള്ളവരോ?”

”അവര്‍ വളരെ നല്ലവരാണ്. സ്‌നേഹവും കരുതലുമുള്ള നല്ല മനുഷ്യര്‍.”

സന്യാസി പുഞ്ചിരിയോടെ പറഞ്ഞു: ”എങ്കില്‍ മക്കളേ, ഈ ഗ്രാമീണരും നല്ലവരാണ്.  അവര്‍ നിങ്ങളെ വളരെ നല്ല രീതിയില്‍ സ്വീകരിക്കും.” സന്യാസി സന്തോഷത്തോടെ അവരെ യാത്രയാക്കി.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ആദ്യം മലയിറങ്ങിപ്പോയ കുടംബാംഗങ്ങളെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മല കയറ്റി വിടുന്നത് സന്യാസി കണ്ടു. എന്നാല്‍ പിന്നീട്  കടന്നുവന്ന കുടുംബത്തെ സ്‌നേഹത്തോടെ നാട്ടുകാര്‍ സ്വീകരിച്ചാനയിക്കുന്നതിനും സന്യാസി ദൃക്‌സാക്ഷിയായി.

ക്രിസ്തു പറഞ്ഞു: ”മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു വോ അതുപോലെ അവരോടും പെരുമാറുക” (മത്താ.7:12). നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന വചനത്തിന്റെ മറ്റൊരു രൂപാന്തരമാണിത്.

നല്ല അയല്‍പക്കബന്ധങ്ങള്‍ സമൂഹജീവിതത്തിന്റെ ദര്‍പ്പണങ്ങളാണെന്ന് പറയാറില്ലേ? ഒരു സ്പാനീഷ്  പഴമൊഴി ഇങ്ങനെയാണ്: ”അയല്‍ക്കാരനെ വേണ്ടെന്നുവച്ച് ജീവിക്കാന്‍ മാത്രം സമ്പന്നരായി ആരാണുള്ളത്?” ഉറച്ച അയല്‍പക്കങ്ങള്‍ അടുത്ത ബന്ധുജനങ്ങളെക്കാള്‍ എത്രയോ അനുഗ്രഹപ്രദമാണ്. വീട്ടിലൊരാള്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥത നേരിടുമ്പോള്‍ നാം ആദ്യം വിളിക്കുന്നത് ദൂരെയുള്ള ബന്ധുവിനെക്കാള്‍ തൊട്ടടുത്തുള്ള അയല്‍ക്കാരനെയല്ലേ? അണുകുടുംബങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് അയല്‍ബന്ധങ്ങളാണ് ദൃഢപ്പെടേണ്ടത്.

അയല്‍പക്കങ്ങള്‍ക്ക് മതമോ ജാതിയോ ഇല്ല. സ്‌നേഹബന്ധമാണ്  പ്രധാനം. ഏറെ നാളുകള്‍ക്കുമുമ്പ് കോഴിക്കോട് നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കാല്‍ തളര്‍ന്ന ഷീബയെന്ന പെണ്‍കുട്ടിയെ അയല്‍ക്കാരിയായ മുസ്ലീം പെണ്‍കുട്ടി ജാസ്മിന്‍ തോളിലെടുത്ത് സ്‌കൂളില്‍ കൊണ്ടുപോകുന്ന കഥ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അയല്‍പക്കബന്ധം ഒരു നാടിന്റെ സങ്കീര്‍ത്തനമായി മാറുന്നത് ഇത്തരം  സംഭവങ്ങള്‍ വഴിയാണ്.

വീട്ടില്‍ എന്തെങ്കിലും ആഘോഷം ഉണ്ടാകുംമുമ്പേ ആദ്യം അറിയുന്നവരും ആദ്യമെത്തുന്നവരും അയല്‍ക്കാരായിരുന്നു. കല്യാണംപോലുള്ള ആഘോഷങ്ങളില്‍ കുടുംബാംഗങ്ങളെക്കാള്‍ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് അയല്‍ക്കാരായിരുന്നു. ഉറ്റവരേക്കാള്‍ താല്പര്യത്തോടെ ‘ഇതെന്റെ അയല്‍ക്കാരന്‍ തോമാച്ചനാണ്’ എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തിയിരുന്ന ഒരു കാലവുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊക്കെയും മാറിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെയും മതത്തിന്റെയും പ്രതാപത്തിന്റെയും തണലില്‍ അയല്‍ബന്ധങ്ങള്‍ നാം മറന്നുപോയിരിക്കുന്നു.

അയല്‍ക്കാരന്‍ ആരാണെന്നായിരുന്നു സെന്‍സസ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്റെ ചോദ്യം. എന്നാല്‍ ‘അറിയില്ലെന്ന്’ ഉത്തരം നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നതാണ് യാഥാര്‍ഥ്യം. അയല്‍പക്കത്ത് ഒറ്റയ്ക്ക് താമസിച്ച വൃദ്ധ മരിച്ച്  ദിവസങ്ങള്‍ കഴിഞ്ഞ് ദുര്‍ഗന്ധം പുറത്ത് വന്നപ്പോഴാണ് അയല്‍ക്കാര്‍ അറിഞ്ഞതെന്ന വാര്‍ത്തവന്നത് ഒരു കുഗ്രാമത്തില്‍ നിന്നാണ്.  തിരക്കുള്ള നഗരസംസ്‌കാരത്തില്‍ നിന്നും തീര്‍ത്തും ഭിന്നമായ നാട്ടിന്‍പുറംവും ‘പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്നുള്ളത് നമ്മെ പൊള്ളിക്കേണ്ടതാണ്.  ഇന്ന് എന്റെ അയല്‍ക്കാരന്‍ ആരെന്നോ അവന്റെ കുടുംബാംഗങ്ങളാരെന്നോ  നാം തിരയുന്നില്ല. കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ മിക്കവാറും അവസാനം അറിയുന്നത്  അവന്റെ അയല്‍ക്കാരനാകും. പന്തലൊരുക്കാനും സദ്യയൊരുക്കാനുമൊന്നും ഇന്ന് അയല്‍വാസി വേണ്ടല്ലോ! എല്ലാത്തിനും പണം കൊടുത്താല്‍ ഓടിയെത്തുന്ന ‘തീം’ ഗ്രൂപ്പുകള്‍ ധാരാളമുണ്ട്.

എന്തൊക്കെയാണെങ്കിലും അയല്‍പക്ക ബന്ധങ്ങളില്ലാതെയുള്ള ജീവിതം കടലില്‍ ഒറ്റപ്പെട്ട നൗകപോലെയാണെന്ന് നിസംശയം പറയാം. സൗഹൃദവും സ്‌നേഹവും പുലര്‍ത്തുന്ന കുടുംബങ്ങള്‍ക്കാകട്ടെ ആവശ്യഘട്ടങ്ങളില്‍ അയല്‍ക്കാര്‍ ഔഷധത്തിന് തുല്യമാണ്.

അയല്‍ബന്ധങ്ങളെ ഊഷ്മളമായി നിലനിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം അയല്‍ക്കാരില്‍നിന്നും ഒറ്റപ്പെട്ട് കഴിയുന്ന ചില ഭവനങ്ങളില്‍ നടക്കുന്ന കവര്‍ച്ചയും അക്രമണവും പുറംലോകം അറിയുന്നത് വളരെ വൈകിയാകും. ഈ അകല്‍ച്ചമൂലം ദുരന്തങ്ങളും അപകടങ്ങളുമുണ്ടായാല്‍ അയല്‍ക്കാരെത്താന്‍ വൈകും. പരിസരവാസികളുമായി നല്ല ബന്ധം പുലര്‍ത്താത്ത വീടുകളില്‍ നടക്കുന്ന മരണംപോലും അയല്‍ക്കാര്‍ വൈകിയേ അറിയുന്നുള്ളു. അതാണ് ഏറ്റവും വലിയ ദുരന്തം. അതുകൊണ്ടാണ് അയല്‍ബന്ധങ്ങള്‍ ഊഷ്മളമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നത്.

അയല്‍ക്കാരനെതിരെ പോലിസ്‌സ്റ്റേഷനില്‍ പത്തില്‍പ്പരം കേസുകള്‍ നല്‍കിയ ഒരു വൃദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ട്. തന്റെ സ്വത്തും സമ്പാദ്യവുമെല്ലാം അയല്‍ക്കാരന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അയാളുടെ പരാതി. എന്നാല്‍ ഈ പരാതി യാഥാര്‍ഥ്യമായിരുന്നില്ല. ഇങ്ങനെ കേസും പുക്കാറുമായി ഓടിനടന്ന വൃദ്ധന്‍ ഒരിക്കല്‍  പാലത്തില്‍നിന്നും വെള്ളത്തിലേക്ക് കാല്‍തെറ്റി വീണു. നീന്തലറിയാതെ അപകടത്തില്‍പ്പെട്ട അയാളെ രക്ഷിക്കാന്‍ ഓടിയെത്തിയത് കുറ്റാരോപിതനായ അയല്‍ക്കാരനായിരുന്നു. സ്വയം മറന്ന് അയാള്‍ വൃദ്ധനെ അപകടത്തില്‍നിന്നും രക്ഷിച്ചു. അപ്പോള്‍ മാത്രമാണ് വൃദ്ധന്റെ കണ്ണുകള്‍ തുറക്കപ്പെട്ടതും അയല്‍ക്കാരന്റെ നല്ല മനസ് തിരിച്ചറിഞ്ഞതും.

ജനോവയിലെ വി. കാതറീന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ”ഒരു വ്യക്തി അയാളുടെ ദൈവത്തെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അറിയണമെങ്കില്‍ അയാള്‍ തന്റെ അയല്‍ക്കാരനെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് നോക്കിയാല്‍ മതി…”

ചിലപ്പോള്‍ അയല്‍ക്കാരുടെ ചില പ്രവൃത്തികള്‍ നമുക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയണമെന്നില്ല. എങ്കിലും അയല്‍ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുന്നത് ഒരു കടമയായി കണ്ട് കുറെയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനുള്ള പക്വതയും വിവേകവും നാം കാണിക്കണം. അയാള്‍ മോശമായി പെരുമാറിയാലും നല്ല രീതിയില്‍ പെരുമാറാനുള്ള ആര്‍ജവമാണ് നാം കാട്ടേണ്ടത്. ശത്രുവിനെതിരെ ക്രിസ്തുവിന്റെ വിജയമന്ത്രം അതായിരുന്നല്ലോ.

അയല്‍ബന്ധങ്ങള്‍ തകരാന്‍ നിസാരകാര്യം മതി. കുട്ടികള്‍ തമ്മിലുള്ള വഴക്കുകളായിരിക്കും മുഖ്യം. ഇതില്‍ മുതിര്‍ന്നവര്‍ ഇടപെടുകയും വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ കലഹത്തിലെത്തുകയും ചെയ്യുന്ന  സംഭവങ്ങള്‍ ധരാളമാണ്. കന്നുകാലികളെ അഴിച്ചുവിടുക, മലിനവസ്തുക്കള്‍ അയല്‍പറമ്പിലേക്ക് വലിച്ചെറിയുക, ഉറക്കെ പാട്ടുവയ്ക്കുക, എപ്പോഴും സാമ്പത്തികാവശ്യങ്ങള്‍ക്ക് അയല്‍ക്കാരനെ സമീപിക്കുക തുടങ്ങിയവയെല്ലാം അയല്‍ബന്ധങ്ങളുടെ ചങ്ങല പൊട്ടിക്കാവുന്ന കാരണങ്ങളാണ്. അവിടെ വിവേകവും സ്‌നേഹവുംകൊണ്ട് ആ ചങ്ങലക്കണ്ണികള്‍ ബലപ്പെടുത്തുകയാണ് വേണ്ടത്.

അയല്‍വാസികളുടെ ആവശ്യം അറിഞ്ഞ് അവരെ സഹായിക്കുന്നതും വിശേഷദിവസങ്ങളില്‍ സമ്മാനങ്ങളും വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കൈമാറുന്നതും ബന്ധങ്ങളെ ഊര്‍ജിതമാക്കും. നിങ്ങള്‍ അവരോട് എങ്ങനെ പെരുമാറുന്നോ അതുപോലെയാകും അവരും നിങ്ങളോട് പെരുമാറുക. അയല്‍ക്കാരന് മുറിവേല്‍ക്കുന്ന വിധം സംസാരിക്കാതിരിക്കുക, രോഗികളാകുമ്പോള്‍ അവരെ ആശ്വസിപ്പിക്കുക, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ സാധിക്കുംവിധം സഹായിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക… ഇതെല്ലാം അയല്‍ക്കാരില്‍ അത്ഭുതകരമായ മാറ്റം സൃഷ്ടിക്കും.

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി എഴുതുന്നു: ”നിങ്ങളുടെ അയല്‍ക്കാരന്റെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാതിരിക്കുക. തങ്ങളെക്കുറിച്ച് പറയപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ തുനിയുകയും അതുവഴി സ്വന്തം ഹൃദയം സംശയവും ദുഃഖവും വെറുപ്പുംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നവരെ അനുകരിക്കരുത്. പലപ്പോഴും കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് അവതരിപ്പിക്കപ്പെടുക. അതിനാല്‍ നിങ്ങളെക്കുറിച്ച് കേട്ട പ്രതികൂല അഭിപ്രായങ്ങളുടെ ഉത്ഭവം തേടിപ്പോകരുത്.”

നല്ല അയല്‍ക്കാരനായി നാം തീരണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമ്മുടെ ബന്ധങ്ങള്‍ കുറെക്കൂടി ഊഷ്മളമാക്കാന്‍ നമുക്ക് എങ്ങനെയെല്ലാം സാധിക്കുമോ, അങ്ങനെയെല്ലാം ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.