ലീജിയൺ ഓഫ് മേരി കോട്ടയം അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്

കോട്ടയം അതിരൂപതയിലെ ലീജിയൺ ഓഫ് മേരി സംഘടനയുടെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങളുടെ സമാപനം ഇന്ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. രൂപതാ മെത്രാനായിരുന്ന മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ പ്രത്യേക താത്പര്യത്തിലാണ് കോട്ടയം രൂപതയിൽ ലീജിയണിന്റെ പ്രഥമ ശാഖ ആരംഭിച്ചത്. കോട്ടയം അതിരൂപതയിൽ 77 ഇടവകകളിൽ 79 പ്രസീദിയങ്ങളും 2000-ൽ അധികം അംഗങ്ങളുമുള്ള സംഘടനയായി ലീജിയൺ ഓഫ് മേരി പ്രവർത്തിക്കുന്നു.

പ്ലാറ്റിനം ജൂബിലി സമാപന ദിനമായ ഇന്ന് രാവിലെ ജപമാല റാലിയെ തുടർന്ന് 10 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം 75 വൈദികർ ചേർന്ന് കൃതജ്ഞതാബലി അർപ്പിക്കും. പ്രസിഡന്റ്‌മോളി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തും.

ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോർജ്ജ് കുരിശുമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. ജോസ് കുറുപ്പന്തറയിൽ, ഫാ. ജോബി പുച്ചുക്കണ്ടത്തിൽ, സി. കരുണ, സി. സൗമി, ബ്രദർ പാട്രിക് ഓട്ടപ്പള്ളിൽ, സി. ജെയിൻ ജോയി, സി. ജോസ്‌ലെറ്റ് എന്നിവർ ആശംസകൾ അർപ്പിക്കും. ലീജിയൺ ഓഫ് മേരി മുൻ ഡയറക്ടർമാരെയും, അതിരൂപതാ ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിക്കും. 1600ലധികം അംഗങ്ങൾ പങ്കെടുക്കും.