നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമതല സന്നദ്ധപ്രവര്‍ത്തകര്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെ കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ് നിര്‍വ്വഹിച്ചു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 9-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ്, കെ.എസ്.എസ്.എസ്. അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ സിസ്റ്റര്‍ അഡ്വ. ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമതല സന്നദ്ധപ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.