ഔപചാരികമായി സഭ ഉപേക്ഷിക്കല്‍

ഡോ ജോസ് ചിറമേൽ

തോമസ് ഒരു കത്തോലിക്കാ യുവാവും ഷീല ഒരു ഹിന്ദു യുവതിയുമാണ്. ഇരുവരും സ്‌നേഹത്തിലാണ്. ഷീലയുടെ നിര്‍ബന്ധപ്രകാരം ഹിന്ദുനിയമ പ്രകാരം (The Hindu Marriage Act) ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു. ഹിന്ദു വിവാഹനിയമമനുസരിച്ച് രണ്ടുപേരും ഹിന്ദുക്കളായിരിക്കണം. തന്മൂലം, തോമസിന് ഷീലയെന്ന ഹിന്ദുയുവതിയെ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം കഴിക്കണമെങ്കില്‍ തോമസും ഹിന്ദുവാണെന്ന് തെളിയിക്കണം. അതനുസരിച്ച് തോമസ് ഹിന്ദുവാണെന്ന് തെളിയിക്കാനാവശ്യമായ പ്രഖ്യപനം നടത്തുകയും ഷീലയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹം അധികനാള്‍ നീണ്ടുനിന്നില്ല. തോമസിന് ഷീലയുമായുള്ള വിവാഹം സഭാകോടതി വഴി അസാധുവാക്കി വേറൊരു കത്തോലിക്കാ യുവതിയെ വിവാഹം കഴിക്കണം. ഹിന്ദുവാകാന്‍ യഥാര്‍ത്ഥത്തില്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് തോമസ് പറയുന്നത്. തോമസിന്റെ ഈ നടപടി; സഭ ഔപചാരികമായി ഉപേക്ഷിച്ചതിന് തുല്യമായി പരിഗണിക്കാമോ? 

ഔപചാരികമായ നടപടിക്രമം വഴി സഭ ഉപേക്ഷിക്കുക (Leaving the Church by a formal act) എന്ന സമ്പ്രദായം തീര്‍ത്തും നൂതനമായ ഒരു പ്രയോഗമാണ്. ഇത് നാം കരുതുന്നപോലെ ലളിതമായ കാര്യമല്ല. ഈ പ്രയോഗത്തിന്റെ ശരിയായ അര്‍ത്ഥവും വ്യക്തമല്ല. അര്‍ത്ഥം ശരിയായ വിധത്തില്‍ മനസ്സിലാക്കുവാനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലത്തീന്‍ നിയമസംഹിതയോ, പൗരസ്ത്യ നിയമസംഹിതയോ നല്കുന്നില്ല. ഔപചാരിക നടപടിക്രമത്തിലൂടെ സഭ ഉപേക്ഷിക്കുക എന്ന പ്രയോഗത്തിന്റെ അര്‍ത്ഥ വ്യാപ്തി വ്യക്തമാക്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും വിരളമാണ്. ഒരു തരത്തിലല്ലെങ്കില്‍, മറ്റൊരുതരത്തില്‍ കത്തോലിക്കാ സഭയില്‍ നിന്ന് അകന്ന് നില്ക്കുന്നവരുണ്ട്. എന്നാല്‍ അവര്‍ ഔപചാരിക നടപടിയിലൂടെ സഭ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വരല്ല. സഭ ഉപേക്ഷിക്കുന്നതിനുള്ള ഔപചാരിക നടപടി എന്താണെന്ന് നിയമസംഹിതയും കൃത്യമായി വ്യക്തമാക്കിയിട്ടില്ല എന്നിരുന്നാലും മേല്പറഞ്ഞ പ്രയോഗത്തെ സംബന്ധിക്കുന്ന കാനോനയും അതിന്റെ സാഹചര്യങ്ങളും ക്രമാനുഗതമായി വിശകലനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും.

കത്തോലിക്കാസഭ ഉപേക്ഷിക്കുക

ലത്തീന്‍ നിയമസംഹിതയില്‍ ”ഔപചാരിക നടപടി ക്രമത്തിലൂടെ സഭ ഉപേക്ഷിക്കുക” എന്ന പ്രയോഗം രണ്ടു കാനോനകളില്‍ കാണാവുന്നതാണ്. അതില്‍ ആദ്യത്തേത് മേല്പറഞ്ഞ വിധത്തില്‍ സഭ ഉപേക്ഷിച്ചു പോകുന്നവര്‍ അക്രൈസ്തവരുമായുള്ള വിവാഹത്തിലേര്‍പ്പെടുമ്പോള്‍ മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന് പ്രതിപാദിക്കുന്നിടത്താണ്. മതവ്യത്യാസം ഒരു വിവാഹതടസ്സമായി പൗരസ്ത്യസഭകളില്‍ കണക്കാക്കപ്പെടാന്‍ തുടങ്ങിയത് 692-ലെ ത്രുള്ളോ കൗണ്‍സിലിലാണ്. ഈ കൗണ്‍സിലിന്റെ കാനോനകള്‍ പാശ്ചാത്യസഭയില്‍ സ്വീകാര്യമായിരുന്നില്ലെങ്കിലും 7 മുതല്‍ 11 വരെയുള്ള നൂറ്റാണ്ടുകളില്‍ മതവ്യത്യാസം വിവാഹതടസ്സമായിത്തന്നെ പാശ്ചാത്യസഭയില്‍ പരിഗണിക്കപ്പെട്ടിരുന്നു. 1917-ലെ ലത്തീന്‍ നിയമസംഹിത ഇത് അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തു. ഈ വിവാഹതടസ്സം കത്തോലിക്കരെ മാത്രം ബാധിക്കുന്നതാണ്. ലത്തീന്‍ നിയമസംഹിതയനുസരിച്ച് ഔപചാരിക നടപടിയിലൂടെ സഭ ഉപേക്ഷിക്കുന്നവര്‍ ഈ സഭാനിയമത്തിന് വിധേയരല്ല (CIC. c. 1086/1).

രണ്ടാമത്തെ പരാമര്‍ശം മിശ്രവിവാഹത്തിനുള്ള അനുവാദത്തെപ്പറ്റി പറയുന്നിടത്താണ്. മാമ്മോദിസ സ്വീകരിച്ച അകത്തോലിക്കരുമായി കത്തോലിക്കാ വിശ്വാസികള്‍ക്ക് വിവാഹം നടത്തണമെങ്കില്‍ കത്തോലിക്കാ വിശ്വാസിയുടെ രൂപതാദ്ധ്യക്ഷനില്‍ നിന്ന് അനുവാദം ലഭിച്ചിരിക്കണം. എന്നാല്‍ ഔപചാരിക നടപടിക്രമം വഴി കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ച കത്തോലിക്കന് ഈ നിബന്ധന ബാധകമല്ല (CIC. c. 1124). ലത്തീന്‍ നിയമസംഹിത, ഔപചാരികമായി സഭ ഉപേക്ഷിക്കുന്നതിനെപ്പറ്റി ഇപ്രകാരം പരാമര്‍ശിക്കുന്നുണ്ടെങ്കിലും പൗരസ്ത്യ നിയമത്തില്‍ യാതൊരു പരാമര്‍ശങ്ങളുമില്ല.

പൂര്‍ണ്ണക്കൂട്ടായ്മയില്‍ നിന്ന് പുറത്താക്കപ്പെടുന്നു

ലത്തീന്‍ നിയമസംഹിതയില്‍ ഉപയോഗിച്ചിരി ക്കുന്ന ‘Leaving the Catholic Church’  എന്ന പദപ്രയോഗത്തില്‍ നിന്നും ഔപചാരിക നടപടികള്‍ വഴി സഭ ഉപേക്ഷിക്കുന്നവര്‍ കത്തോലിക്കാസഭയുമായിട്ടുള്ള പൂര്‍ണ്ണകൂട്ടായ്മ (Full Communion) ല്‍ നിന്ന് പുറത്താക്കപ്പെടുന്നുവെന്ന് വ്യക്തമാണ്. അതായത്, സഭയുമായിട്ടുള്ള വിശ്വാസപരമായ ബന്ധത്തില്‍നിന്നും (Bonds of Faith) ആരാധനാക്രമത്തില്‍നിന്നും (worship). സഭാ ഭരണബന്ധത്തില്‍നിന്നും (governance) ഇക്കൂട്ടര്‍ പുറത്താകുന്നു (CIC.c. 205; CCEO: c. 8). കാരണം, സഭയില്‍ മാമ്മോദിസ സ്വീകരിച്ച വ്യക്തികള്‍ കത്തോലിക്കാസഭയുമായി പൂര്‍ണ്ണമായ കൂട്ടായ്മയില്‍ എത്തിച്ചേരുന്നത്, വിശ്വാസം, കൂദാശകള്‍, സഭാഭരണസംവിധാനം എന്നിവ വഴിയാണ്. അതുകൊണ്ടാണ് സഭ ഉപേക്ഷിക്കുന്ന വ്യക്തികള്‍ സഭയുടെ പൂര്‍ണ്ണക്കൂട്ടായ്മയില്‍ നിന്ന് പുറത്താക്കപ്പെടുന്നുവെന്ന് പറയുന്നത്.

സഭ ഉപേക്ഷിക്കുക നൈയ്യാമികമായ പ്രവൃത്തിയാണ്

സഭ ഉപേക്ഷിക്കുകയെന്നത് നൈയ്യാമികമായ ഒരു പ്രവൃത്തിയാണ് (juridical act). നിയമപരമായ പ്രവൃത്തിയെന്നതുകൊണ്ട് അതു തികച്ചും മാനുഷികമായ പ്രവൃത്തിയും അതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉളവാകുന്നവയുമാണ്. ഒരു പ്രവൃത്തി മാനുഷിക പ്രവൃത്തിയാകണമെങ്കില്‍ ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അറിവും (knowledge) ആ പ്രവൃത്തി ചെയ്യുവാനുള്ള സ്വാതന്ത്ര്യവും പക്വതയും (freedom and maturity) വ്യക്തികള്‍ക്ക് ഉണ്ടായിരിക്കണം. മേല്പറഞ്ഞ ഘടകങ്ങളെ വ്യക്തിയുടെ ആന്തരികവും (Psychological) ബാഹ്യവുമായിട്ടുള്ള ഘടകങ്ങള്‍ (external factors) തടസ്സപ്പെടുത്തിയേക്കാം. അപ്പോള്‍ അവ മാനുഷിക പ്രവൃത്തി അല്ലാതാകാം. മാനുഷികമായ ഒരു പ്രവൃത്തിക്ക് നിയമപരമായ പരിണിതഫലങ്ങള്‍ ആരോപിക്കുമ്പോള്‍ മേല്പറഞ്ഞ മൂന്നു ഘടകങ്ങളും ഉണ്ടായിരിക്കണമെന്നാണ് വിവക്ഷിക്കുന്നത്.

മേല്പറഞ്ഞ നിയമപരമായ നിഗമനങ്ങള്‍ ഒരാളുടെ സഭ ഉപേക്ഷിക്കുന്ന പ്രവൃത്തിയുമായി ബന്ധ പ്പെടുത്തുകയാണെങ്കില്‍ (apply) അയാള്‍ കത്തോലി ക്കാസഭയുമായുള്ള പൂര്‍ണ്ണക്കൂട്ടായ്മയില്‍ നിന്ന് വേര്‍പെടുകയെന്ന കൃത്യമായ തീരുമാനത്തോടെയായിരിക്കണം ആ പ്രവൃത്തി ചെയ്തിരിക്കേണ്ടത്. ഈ അറിവ് ഇല്ലാതെയോ മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ ഒക്കെയാണ് സഭ ഉപേക്ഷിക്കുന്നതെങ്കില്‍ ആ പ്രവൃത്തി നിയമദൃഷ്ട്യാ നിലനില്ക്കുന്നതല്ല. അതുപോലെതന്നെ സഭയ്ക്കു നല്‌കേണ്ട എന്തെങ്കിലും പിരിവുകളില്‍ നിന്നോ മറ്റോ ഒഴിവാക്കപ്പെടുന്നതിനോ മറ്റ് മതവിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയോ മറ്റോ ആണ് സഭ ഉപേക്ഷിക്കാനിടവന്നതെങ്കില്‍ ആ പ്രവൃത്തിയും നിയമദൃഷ്ടിയാലുള്ള സഭ ഉപേക്ഷിക്കലായി കണക്കാക്കപ്പെടുകയില്ല. ഇതിനെയൊക്കെ കൃത്യമായി പറഞ്ഞാല്‍ കപടനാട്യം (Simulation) എന്നേ കരുതാന്‍ കഴിയൂ. കപടനാട്യത്തില്‍ മനസ്സില്‍ സഭ ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടാകാതെ തന്നെ ബാഹ്യമായി മാത്രം സഭ ഉപേക്ഷിക്കുന്നവരുണ്ടാകാം. ബാഹ്യമായി ഇപ്രകാരം ചെയ്യാനുള്ള കാരണങ്ങള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സഭയുടെ നിയമങ്ങളില്‍ നിന്നോ പിരിവുകളില്‍ നിന്നോ ഒഴിവാക്കപ്പെടുകയോ എന്നൊക്കെയാവാം.

ബാഹ്യമായ പ്രവൃത്തിയും ആന്തരിക തീരുമാനവും

ഒരു മാനുഷിക പ്രവൃത്തിയ്ക്ക് നിയമപരമായ ഫലം (efficacy) ഉളവാകണമെങ്കില്‍ ആ വ്യക്തിയുടെ ബാഹ്യമായ പ്രവൃത്തി ആന്തരികമായ തീരുമാനത്തിന്റെ വെളിച്ചത്തിലായിരിക്കണം. ഇവിടെ ഒരു വ്യക്തി സഭ ഉപേക്ഷിക്കുന്ന നൈയ്യാമിക പ്രവൃത്തിയ്ക്ക് പാലിക്കേണ്ട നടപടിക്രമം എന്താണെന്നോ അത് എപ്രകാരം ചെയ്തിരിക്കണമെന്നോ കാനന്‍ നിയമത്തില്‍ പ്രതിപാദിക്കുന്നില്ല. അതുകൊണ്ട് ഒരു നൈയ്യാമിക പ്രവൃത്തി സാധുവാകുന്നതിന് കാനന്‍ നിയമം അനുശാസിക്കുന്ന ഘടകങ്ങളായ ശരിയായ അറിവും സ്വാതന്ത്ര്യവും പ്രവൃത്തി ചെയ്യാനുള്ള പക്വതയും ഉള്ളയാള്‍ കത്തോലിക്കാസഭ വിട്ടുപോകണമെന്ന ഉദ്ദേശത്തോടെ വിശ്വാസത്തെയോ, സഭാഭരണ സംവിധാനത്തെയോ തള്ളിപ്പറയുമ്പോള്‍ അയാള്‍ സഭ വിട്ടുപോയതായി പരിഗണിക്കാവുന്നതാണ്.

ഔപചാരികതയെന്ന വിശേഷണം

സഭ ഉപേക്ഷിക്കുന്ന നൈയ്യാമിക പ്രവൃത്തിയിലെ ഔപചാരികതയെന്ന നാമവിശേഷണമാണ് ഈ വിഷയത്തിലെ ഏറ്റം പ്രധാനപ്പെട്ട സംഗതി. ഈ നാമ വിശേഷണം ലത്തീന്‍ നിയമസംഹിതയില്‍ മൂന്ന് പ്രാവശ്യവും, പൗരസ്ത്യ നിയമസംഹിതയില്‍ രണ്ടു പ്രാവശ്യവും ഉപയോഗിച്ച് കാണുന്നുണ്ട്.
1. ക്രിസ്തീയ വിശ്വാസികള്‍ രൂപംകൊടുക്കുന്ന പ്രൈവറ്റ് അസോസിയേഷന്‍ നൈയ്യാമിക വ്യക്തി (juridic personality) ആകണമെങ്കില്‍ നിയമാനുസൃത അധികാരിയുടെ ഔപചാരികമായ ഒരു ഡിക്രി ഉണ്ടായിരിക്കേണ്ടതാണ് (CIC. c. 322/1). (പൗരസ്ത്യ നിയമ സംഹിതയില്‍ ഇതിന് തുല്യമായ കാനോനയില്ല).
2. രൂപതാ മെത്രാന് തന്റെ രൂപതാതിര്‍ത്തിക്കുള്ളില്‍ ഔപചാരിക ഡിക്രി വഴി ഒരു സന്യാസസഭ സ്ഥാപിക്കാം. (പരിശുദ്ധ സിംഹാസനവുമായി ഇക്കാര്യം നേരത്തെ ആലോചിച്ചിരിക്കണം) (CIC. c. 579) cfr CCEO. c. 506/3).
3. ഒരു സന്യാസസഭയ്ക്ക് പൊന്തിഫിക്കല്‍ പദവി ലഭിക്കണമെങ്കില്‍ പരി. സിംഹാസനത്തിന്റെ ഔപചാരിക ഡിക്രി (formal decree) ആവശ്യമാണ് (CIC.c. 589; cfr also CCEO. c. 505).

മേല്‍ പ്രസ്താവിച്ച സാഹചര്യങ്ങളിലെല്ലാം ഔപചാരികമായ എന്ന നാമവിശേഷണംകൊണ്ട് അര്‍ത്ഥമാക്കുന്നത് മേല്പറഞ്ഞ ഡിക്രികള്‍ ഒരു പ്രവൃത്തി ചെയ്യുന്നതിനുള്ള ബാഹ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിരിക്കണമെന്നാണ്. എന്നാല്‍ ബാഹ്യമായി ഏതെല്ലാം നടപടിക്രമങ്ങളാണ് ഒരാള്‍ സഭ ഉപേക്ഷിച്ചു പോകുമ്പോള്‍ പൂര്‍ത്തിയാക്കേണ്ടതായോ പാലിക്കേണ്ടതായോ ഉള്ളതെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ല. പരസ്യമോ (public) കുപ്രസിദ്ധമോ (notorious) ആയ ഒരു പ്രവൃത്തിയ്ക്ക് സാധ്യമായ തെളിവുകള്‍ ആവശ്യമാണ്. എന്നാല്‍ ഔപചാരികമായി സഭ ഉപേക്ഷിക്കുന്ന പ്രവൃത്തിയെ മേല്പറഞ്ഞ ഗണത്തില്‍ നിന്ന് നിയമദാതാവ് വേര്‍തിരിച്ചാണ് കാണുന്നത്. തന്മൂലം ഔപചാരികമായി സഭ ഉപേക്ഷിച്ചു എന്നതിന് ബാഹ്യമായ തെളിവുകള്‍ മാത്രം പോരാ എന്ന് വ്യക്തമാണ്. അതില്‍ കൂടുതല്‍ എന്തോ ‘formal’ എന്ന നാമവിശേഷണം ലക്ഷ്യമാക്കുന്നുണ്ട്. അതനുസരിച്ച് ഒരാള്‍ ഔപചാരികമായി സഭ ഉപേക്ഷിക്കുന്ന പ്രവൃത്തി വ്യക്തിപരമായ ഒരു പ്രഖ്യാപനമായിരിക്കണം. ഈ പ്രവൃത്തി ”ഞാന്‍ കത്തോലിക്കാ സഭ ഉപേക്ഷിക്കുന്നു” എന്ന ഒരു പ്രഖ്യാപനമാകാം.

വ്യക്തിപരമായ തീരുമാനം

ചുരുക്കത്തില്‍ ഒരു പ്രവൃത്തി ഒരാളുടെ മനസ്സിന്റെ നിയതമായ നിശ്ചയപ്രകാരമായിരിക്കണം. ഇത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമായിരിക്കും. അതുകൊണ്ട് അത്തരമൊരു തീരുമാനം എടുക്കുന്ന വ്യക്തി ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ പ്രാധാന്യത്തെപ്പറ്റി അറിവും ആ പ്രവൃത്തി വഴി ആഗ്രഹിക്കുന്ന ലക്ഷ്യം നേടിയെടുക്കാനുള്ള മനസ്സിന്റെ നിശ്ചയവുമുണ്ടാകണം. മനസ്സിന്റെ ഈ നിശ്ചയമാണ് ഒരു പ്രവൃത്തിയുടെ ഔപചാരിക സ്വഭാവം നിര്‍ണ്ണയിക്കുന്നത്. മാത്രവുമല്ല, ഈ പ്രവൃത്തി സഭയുമായുള്ള അയാളുടെ കൂട്ടായ്മയെ ബാധിക്കുന്നതിനാല്‍ ആ പ്രവൃത്തിയുടെ സത്യാവസ്ഥ അഥവാ വസ്തുനിഷ്ഠത ഉറപ്പുവരുത്തിയിരിക്കണം. ഇത് ഉറപ്പുവരുത്താന്‍ നിയമാനുസൃതമായ സഭാധികാരിയുടെ ഇടപെടല്‍ ആവശ്യമാണ്. എന്നിരുന്നാലും ഇതിനൊക്കെ എന്തെല്ലാം ഔപചാരിക നടപടികളാണ് പാലിക്കേണ്ടതെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് നിയമ ദാതാവുതന്നെ നിയമവ്യാഖ്യാനം വഴിയോ Complimentary legislation വഴിയോ സഭ ഉപേക്ഷിക്കുന്നതിന് നിയതമായ നടപടിക്രമം ഉണ്ടാക്കേണ്ടതാണ്.

പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ വ്യാഖ്യാനം

നിയമത്തിന്റെ അപര്യാപ്തതയും സംഗതിയുടെ ഗൗരവവും കണക്കിലെടുത്ത് 2006 മാര്‍ച്ച് 13-ാം തീയതി പരി. പിതാവ് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ അനുമതിയോടെ, നിയമവ്യാഖ്യാനത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, സഭ ഉപേക്ഷിച്ചുപോകുമ്പോള്‍ പാലിക്കേണ്ട ഔപചാരിക നടപടിക്രമം എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാസഭ ഉപേക്ഷിക്കുന്ന പ്രവൃത്തി സാധുവായ ഉപേക്ഷിക്കല്‍ ആകണമെങ്കില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ഉണ്ടായിരിക്കണം. അവ താഴെ ചേര്‍ക്കുന്നു:-
1. കത്തോലിക്കാസഭ ഉപേക്ഷിക്കണമെന്ന ആന്തരികതീരുമാനം (Internal decision) ഉണ്ടായിരിക്കണം.
2. പ്രസ്തുത തീരുമാനം ബാഹ്യമായി പ്രകടിപ്പിച്ചിരിക്കണം
3. പ്രസ്തുത തീരുമാനം നിയമാനുസൃത സഭാധികാരി അംഗീകരിച്ചിരിക്കണം.

സഭ ഉപേക്ഷിക്കുന്നവര്‍ക്ക് ശിക്ഷയും നല്കാവുന്നതാണ്
സഭ ഉപേക്ഷിക്കുന്ന പ്രവൃത്തി സാധുവായ ഒരു നൈയ്യാമിക പ്രവൃത്തിയാകണമെങ്കില്‍ അതുചെയ്യുന്ന യാള്‍ കാനോനികമായി ആ പ്രവൃത്തി ചെയ്യുവാന്‍ പ്രാപ്തനായിരിക്കണം. വ്യക്തിപരമായി വേണം ഈ പ്രവൃത്തി ചെയ്യുവാന്‍. സ്വതന്ത്രമായിട്ടും പൂര്‍ണ്ണബോധത്തോടുകൂടിയും ആയിരിക്കണം. കൂടാതെ സഭ ഉപേക്ഷിക്കാനുള്ള തീരുമാനം രേഖാമൂലം നിയമാനുസൃത അധികാരിയുടെ മുമ്പില്‍ സമര്‍പ്പിക്കണം. രൂപതാമെത്രാനോ ഇടവകവികാരിയോ ആണ് ഈ അധികാരി. ഇദ്ദേഹമായിരിക്കും ഒരു വ്യക്തി സഭ ഉപേക്ഷിക്കുവാനുള്ള തീരുമാനം മനസ്സിന്റെ നിയതമായ നിശ്ചയപ്രകാരമാണോ എടുത്തിട്ടുള്ളത് എന്ന് നിര്‍ണ്ണയിക്കുന്നത്. തന്മൂലം മനസ്സിന്റെ നിയതമായ നിശ്ചയവും ആ നിശ്ചയത്തിന്റെ ബാഹ്യപ്രകാശനവുമാണ് സഭ ഉപേക്ഷിക്കുന്ന പ്രവൃത്തിയിലെ പ്രധാന ഘടകങ്ങള്‍. സഭാവിശ്വസവും സഭയുമായുള്ള കൂട്ടായ്മയും ഉപേക്ഷിക്കുന്നവര്‍ക്കുള്ള ശിക്ഷയും ഇക്കൂട്ടര്‍ക്ക് നല്കാവുന്നതാണ് )(CIC. c. 1364/1).

മേല്‍ പ്രസ്താവിച്ച പ്രകാരം ആരെങ്കിലും ഔപചാരികമായി സഭ ഉപേക്ഷിക്കുന്ന പക്ഷം പ്രസ്തുത വിവരം കൃത്യമായി മാമ്മോദിസ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒരാള്‍ ഔപചാരിക നടപടി ക്രമങ്ങളിലൂടെ കത്തോലിക്കാസഭ ഉപേക്ഷിച്ചാലും മാമ്മോദിസ വഴി സഭയുമായി ഉണ്ടാകുന്ന അയാളുടെ ബന്ധം നിലനില്ക്കുകതന്നെ ചെയ്യുമെന്നാണ് നാം മനസ്സിലാക്കേണ്ടത്.

മേല്പറഞ്ഞ വസ്തുതകളില്‍നിന്ന് ഷീലയെ ഹിന്ദുനിയമപ്രകാരം വിവാഹം കഴിക്കാന്‍ മാത്രമായി തോമസ് ഹിന്ദുവാണെന്ന് ഏറ്റുപറയുന്നത് ഔപചാരികമായി സഭ ഉപേക്ഷിച്ചതിന് തുല്യമായി പരിഗണിക്കാന്‍ പാടുള്ളതല്ല.

ഡോ. ജോസ് ചിറമേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.