ജോഡികളായി അയയ്ക്കപ്പെട്ട വിശുദ്ധരില്‍ നിന്ന് പഠിക്കേണ്ടത്

‘അനന്തരം കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേയ്ക്കും നാട്ടിന്‍പുറങ്ങളിലേയ്ക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു’ (ലൂക്കാ 10:1).

കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാല്‍ അനേകം വിശുദ്ധര്‍ ഒരുമിച്ച് കടന്നുവന്ന്, ഒരുമിച്ച് പ്രവര്‍ത്തിച്ച്, ഒരുമിച്ച് എന്നവണ്ണം വിശുദ്ധരുടെ ഗണത്തിലേയ്ക്ക് എത്തപ്പെട്ടിട്ടുള്ളതായി കാണാന്‍ കഴിയും. വിശുദ്ധരായ പൗലോസും – ബര്‍ണബാസും, അസീസിയിലെ വി. ഫ്രാന്‍സിസും – ക്ലാര പുണ്യവതിയും, സ്വീഡനിലെ ബ്രിജിത്ത് – കാതറിന്‍ പുണ്യവതികള്‍, ഫ്രാന്‍സിസ് ഡി സാലസും – ജെയ്ന്‍ ഡി കാന്ഡറലും, വിന്‍സെന്റ് ഡി പോളും – ലൂയിസ് ഡി മാരിലാകും, ലൂയിസ് മാര്‍ട്ടിനും – സെലി മാര്‍ട്ടിനും തുടങ്ങി ഒട്ടേറെപ്പേര്‍.

വി. ലൂക്കായുടെ സുവിശേഷത്തില്‍ എടുത്തുപറയുന്നുണ്ട്, ഈശോ ഈരണ്ടു പേരെ വീതം സുവിശേഷപ്രഘോഷണത്തിനായി അയച്ചുവെന്ന്. അതായത് തന്റെ മുന്തിരിത്തോട്ടത്തിലേയ്ക്ക് രണ്ടുപേരെ വീതം ചുമതലപ്പെടുത്തി അയച്ചപ്പോള്‍ ഈശോ ആഗ്രഹിച്ചത്, അവര്‍ ഒന്നിച്ച് ജോലി ചെയ്യണമെന്നും ജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളില്‍ അവര്‍ വിശ്വാസം പരസ്പരം പങ്കുവയ്ക്കുകയും ആഴപ്പെടുത്തുകയും ചെയ്യണമെന്നും പരസ്പം താങ്ങും തണലും ആശ്വാസവും കരുത്തുമാകണമെന്നുമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈശോയുടെ ശിഷ്യരാവുക എന്നാല്‍ സമൂഹജീവിതവും ഐക്യവും വളര്‍ത്തുക എന്നതു കൂടിയാണെന്ന സന്ദേശമാണ് അവിടുന്ന് ശിഷ്യന്മാരെ അയച്ചതിലൂടെയും പിന്നീട് സഭയില്‍ അനേകം ജോഡി വിശുദ്ധരെ നല്‍കിയതിലൂടെയും നമുക്ക് നല്‍കുന്നത്.

പ്രത്യേകിച്ച്, ചില ക്രൈസ്തവ സഭകളുടെ സ്ഥാപകരെയൊക്കെ നോക്കിയാല്‍ ഇക്കാര്യം മനസിലാവും. ഒരുമിച്ച് പ്രവര്‍ത്തിച്ച്, പ്രാര്‍ത്ഥിച്ച് ക്രിസ്തുവിനുവേണ്ടി വേലചെയ്ത് കടന്നുപോയവരാണവര്‍. സുവിശേഷപ്രഘോഷണമെന്ന, ഈശോ നമ്മെയും ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം ശൂന്യതയില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുകയില്ലെന്നും നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും അതിന് തെളിവാകണമെന്നുമാണ് ഈ വിശുദ്ധര്‍ നല്‍കുന്ന പാഠം. വാക്കുകളും പ്രവര്‍ത്തികളും സാക്ഷ്യമായി മാറുന്നതോ, നല്ല ബന്ധങ്ങളിലൂടെയും.

അതുകൊണ്ട് നാം സ്വയം വിലയിരുത്തണം, എങ്ങനെയാണ് ഞാന്‍ മറ്റുള്ളവരുമായുള്ള ബന്ധം വളര്‍ത്തുന്നത്..? എങ്ങനെയാണ് എന്റെ വിശ്വാസം ആ ബന്ധങ്ങളെ സ്വാധീനിക്കുന്നത..? കുടുംബത്തിലും ഇടവകയിലുമൊക്കെ ഞാനെന്റെ വിശ്വാസം പ്രഘോഷിക്കുന്നുണ്ടോ..? എന്നൊക്കെ. ഇതിനായി വിശുദ്ധരുടെ ജീവിതങ്ങളെ മാതൃകയാക്കുകയുമാവാം.