കേരള കത്തോലിക്കാ സഭയിലെ സാമൂഹികപ്രവർത്തകരുടെ  നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം: കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൽ കേരള കത്തോലിക്കാ സഭയിലെ സാമൂഹികപ്രവർത്തകരുടെ നേതൃസംഗമം സംഘടിപ്പിച്ചു.

അടിച്ചിറ ആമോസ് സെന്ററിൽ നടത്തപ്പെട്ട സംഗമം കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷകർ ദൈവത്തിന്റെയും മനുഷ്യരുടെയും മുഖങ്ങൾ സമന്വയിപ്പിക്കുന്ന കണ്ണികളാകണമെന്നും ദൈവസ്‌നേഹത്താൽ നിറഞ്ഞ് തികഞ്ഞ മനുഷ്യത്വത്തോടു കൂടി സാമൂഹ്യശുശ്രൂഷകൾ നിറവേറ്റുവാൻ എല്ലാ സാമൂഹ്യപ്രവർത്തകർക്കും കഴിയണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. ഓഖി ദുരന്തത്തിലും മഹാപ്രളയത്തിലും ദുരിതമനുഭവിച്ചവരെ സഹായിക്കുവാൻ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങൾ ചെയ്ത ശുശ്രൂഷകൾ മഹത്തരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനകർമ്മവും ഭാവിപ്രവർത്തനങ്ങളുടെ ആസൂത്രണവും യോഗത്തിൽ നടത്തപ്പെട്ടു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേരളത്തിലെ വിവിധ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ വാർഷിക റിപ്പോർട്ടുകളിൽ ഏറ്റവും മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌ക്കാരവും  പ്രളയ പുനരധിവാസപ്രവർത്തന ഡോക്യുമെന്ററികൾക്കുള്ള പുരസ്‌ക്കാരവും യോഗത്തിൽ സമ്മാനിച്ചു.

പരിമിതമായ സാഹചര്യങ്ങളിൽ കഠിനാദ്ധ്വാനം ചെയ്ത് ജീവിതവിജയം കൈവരിച്ച അഡ്വ. ജോബി മാത്യു, മാളു ഷെയ്ക്ക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് തറയിൽ, കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോളി ലൂക്കോസ്, ഫാ. ഗീവർഗ്ഗീസ് നെടുംപുറത്ത്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സംസ്ഥാന യു.എൻ.ഡി.പി പ്രൊജക്ട് ഓഫീസർ ജോ ജോൺ ജോർജ്ജ്, കാരിത്താസ് ഇൻഡ്യ ഏഷ്യൻ കോർഡിനേറ്റർ വി.ആർ. ഹരിദാസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

പ്രോഗ്രാം ഓഫീസർമാരായ സി. ജെസ്സീന എസ്.ആർ.എ, ജോബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.