കോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളുടെ സംയുക്ത നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് , ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസംഗമം കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തിൽ ചേർന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ മൂന്ന് സമുദായ സംഘടനകളുടെയും അതിരൂപതാ ഭാരവാഹികൾ പങ്കെടുത്തു.

സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന ദി കേരള ചർച്ച് (പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻ) ബില്ലിനെതിരെ യോഗത്തിൽ പ്രതിഷേധ പ്രമേയം പാസ്സാക്കി. രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾക്കു മേലുള്ള കടന്നുകയറ്റമാണ് ബിൽ എന്ന് യോഗം അഭിപ്രായപ്പെട്ടു. ബില്ല് സ്വീകാര്യമല്ലെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം നിയമപരിഷ്‌ക്കരണ കമ്മീഷനെ അറിയിക്കുവാനും ബില്ലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇടവകകളിലും സംഘടനകളിലും അവബോധം നൽകുവാനും യോഗത്തിൽ തീരുമാനമായി. ഇക്കാര്യത്തിൽ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് യോഗം പിന്തുണ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.