ആത്മാവിനാൽ നയിക്കപ്പെടുക

“അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതേ”. ഇടറിപോയ ദാവീദിന്റെ ഹൃദയം നുറുങ്ങിയ അനുതാപ സങ്കീർത്തനം ആണ് ഇത്. ദൈവിക സാന്നിധ്യം എടുത്തു മാറ്റപെട്ടാൽ വീണു പോകാവുന്ന ഭീകരത ഓർത്തതു കൊണ്ടാവാം അനുതാപത്തിന്റെ അഗാധതലങ്ങളിൽ നിന്നും ഇങ്ങനെ ഒരു പ്രാർത്ഥന ഉയിർ കൊണ്ടത്! ഏതു പാപത്തിന്റെ ആവൃതിയിൽ കഴിഞ്ഞാലും അനുതാപത്തോടെ ദൈവതിരുമുമ്പിൽ മിഴികൾ ഉയർത്തിയാൽ ദൈവകൃപ നമ്മുടെ ജീവിതത്തിലും കവിഞ്ഞൊഴുകും.

എന്റെ ഹൃദയത്തിൻ ഇണങ്ങിയവനെന്ന് ദൈവം അതിസംബോധന ചെയ്യുന്ന ഒരേയൊരു വ്യക്തി ദാവീദ് ആണ്. അവന്റെ പരിശുദ്ധിയുടെ ആഴം ഒന്നുമല്ല അവിടുന്ന് നോക്കിയത്. പതറിപ്പോയി എന്നറിഞ്ഞ ദാവീദിന് ദൈവതിരുമുമ്പിൽ ഓടിയണയാനുള്ള ഉള്ള പാരവശ്യം ഉണ്ടായിരുന്നു; അത് അതിശക്തവുമായിരുന്നു. ഒരുനിഷ്കളങ്ക ശിശുവിനെപ്പോലെ തന്റെ അവസ്ഥ ദൈവത്തിനു മുമ്പിൽ അനാവരണം ചെയ്തത് കൊണ്ടല്ലേ അവൻ ദൈവ ഹൃദയത്തിന് ഇണങ്ങിയവൻ ആയി മാറിയത്. ഇവന്റെ വംശപരമ്പരയിൽ നിന്ന് തന്നെയാണല്ലോ ദൈവം മനുഷ്യനായി അവതരിച്ചതും!

മനുഷ്യൻ പാപിയാണെന്നും, പുൽക്കൊടി പോലെ ഈ ലോകത്ത് നിന്നും കടന്ന് പോകേണ്ടവനാണെന്നും അവിടുന്ന് കൃത്യമായി അറിയുന്നുണ്ട്. അതിനാൽ അല്ലേ മനുഷ്യനോട് അവിടുന്ന് അതിയായ കരുണ കാണിക്കുന്നത്. പതറിപ്പോയി എന്ന് അറിയുന്ന നിമിഷം മടികൂടാതെ മടങ്ങിയെത്താനുള്ള തീഷ്ണത ഉണ്ടായാൽ മതി, ഞാനും ദൈവത്തിന്റെ ഹൃദയത്തിന് ഇണങ്ങിയവളായി, ഇണങ്ങിവനായി രൂപാന്തരപ്പെടും. എന്റെ സംസാരത്തിലും നോട്ടത്തിലും ബന്ധങ്ങളിലും ജോലി ഇടങ്ങളിലും എന്നിലൂടെ ക്രിസ്തു വീണ്ടും അവതരിക്കും. എന്നിൽ വേരു പാകിയിരിക്കുന്ന പരിശുദ്ധാത്മാവ് വീണ്ടും ജ്വലിച്ചുയരും.

പാപം ചെയ്യുന്നവൻ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നു. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ ഒരിക്കലും നിർവീര്യമാക്കരുത്! പാപത്തിനു അടിമയായ ആലയം പരിശുദ്ധാത്മാവിന് വാസയോഗ്യമല്ല. ഭവനങ്ങൾ ശുദ്ധി ചെയ്യപ്പെടേണ്ടതുണ്ട്.ഹോറെബ് മലയിൽ മുൾപ്പടർപ്പിനെ കത്തിച്ചു ചാമ്പലാക്കാതെ ജ്വലിച്ചുയർന്ന ആത്മാവ് മുൾപടർപ്പുപോലെ കാടുപിടിച്ചു കിടക്കുന്ന എന്റെ ജീവിതത്തിലും കൃപ നിറച്ച് പ്രകാശം പരത്തും.

ഒന്നോർത്താൽ ക്രിസ്തീയ ജീവിതത്തിൽ ദുഃഖിക്കാൻ കാരണങ്ങളില്ല. കാരണം ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ല. കൂടെ കരയാൻ ആരുമില്ല എന്നതാണല്ലോ നമ്മുടെ ഏറ്റവും വലിയ ദുഃഖം. നമ്മുടെ ബലഹീനതകളിൽ നെടുവീർപ്പുകളോടെ നമുക്ക് വേണ്ടി മധ്യസ്ഥ്യം വഹിക്കുന്നവനാണ് പരിശുദ്ധാത്മാവ്.ഈ ഭൂമിയിൽ ഞാൻ ഉള്ള കാലം ഒക്കെയും എന്റെ കൂടെ ആയിരിക്കുവാൻ എനിക്ക് കൂട്ടായി അയക്കപ്പെട്ടവൻ!

നമ്മുടെ തന്നെ കാൽച്ചുവട്ടിൽ നോക്കി നടക്കുമ്പോഴല്ലേ നമ്മൾ പലപ്പോഴും വീണു പോവുക? നമ്മുടെ ഭാരങ്ങൾ നമ്മൾ തന്നെ ചുമക്കാൻ ശ്രമിക്കുമ്പോഴല്ലേ അത് വലിയ ചുമടായി അനുഭവപ്പെടുക? കരുത്തായി കൂടെ ഉള്ളവനെ ഭരമേല്പിച്ചാൽ പിന്നെ നമുക്ക് ചാഞ്ചല്യപെടാതെ മുന്നോട്ടു പോകാനാവും .അവന്റെ മിഴികൾ എന്നെ ഫോക്കസ് ചെയ്താണ് ഇരിക്കുന്നത് . അതുപോലേ എന്റെ മിഴികൾ അവനിലൂന്നിനീങ്ങിയാൽ മണൽ തിട്ടയിൽ പതിഞ്ഞ ഇടറിയ പാദ മുദ്രകൾ മൃദു സ്പർശത്താൽ തിരമാലകൾ വെടിപ്പാക്കുന്നതു പോലെ ഞാനും വെടിപ്പാകും ..

പരീക്ഷിക്കപ്പെട്ടപ്പോൾ പോലും ക്രിസ്തുവിനെ നയിച്ചത് പരിശുദ്ധാത്മാവ് ആണ് എന്നോർക്കണം. പ്രലോഭനങ്ങളെ അതിജീവിച്ചു മലയിറങ്ങി വരുന്ന അവന്റെ തേജസ് പതിന്മടങ്ങ് വർദ്ധിച്ചതും ആത്മാവിന്റെ സ്വരം ശ്രവിച്ചതിനാൽ ആണ്‌ . നമുക്കും ആത്മാവാൽ നയിക്കപ്പെടാൻ , പുതുജീവൻ പ്രാപിക്കാൻ തിന്മയിൽ നിന്ന് മുക്തി പ്രാപിക്കാൻ അനുതാപത്തോടെ പ്രാർഥിക്കാം .. ദൈവമേ, അങ്ങയുടെ അരൂപിയെ എന്നിൽ നിന്നും എടുത്തു കളയരുതേ ..

റോസിന പീറ്റി