കത്തോലിക്കർക്ക് മറ്റു മതങ്ങളിൽ പെട്ടവരെ വിവാഹം കഴിക്കാമോ? എന്തൊക്കെയാണ് പാലിക്കേണ്ട നിയമങ്ങൾ? 

ഫാ ജോസ് ചിറമേൽ

സത്യവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ കത്തോലിക്കര്‍ക്ക് മറ്റ് മതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് ആദിമസഭയി ല്‍ത്തന്നെ വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികളും ക്രിസ്ത്യാനികളല്ലാത്തവരുമായുളള വിവാഹങ്ങള്‍ സഭയുടെ ആദ്യകാല കൗണ്‍സിലുകള്‍ നിരോധിച്ചിരുന്നതായി കാണാം. 692-ല്‍ ത്രുള്ളോയില്‍ കൂടിയ കൗണ്‍ സിലിന്റെ (Council of Trullo) 72-ാം കാനോനയില്‍ പൗരസ്ത്യ സഭാംഗങ്ങള്‍ക്ക് മതവ്യത്യാസം (Disparity of Cult) ഒരു വിവാഹ തടസ്സമായിരിക്കുമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ത്രുള്ളോ കൗണ്‍സിലിന്റെ കാനോനകള്‍ പാശ്ചാത്യ സഭ അംഗീകരിച്ചിരുന്നില്ലെങ്കിലും പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളോടെ മതവ്യത്യാസം പാശ്ചാത്യസഭയിലും വിവാഹതടസ്സമായി കണക്കാ ക്കാന്‍ തുടങ്ങി. പിന്നീട് ലത്തീന്‍ സഭയില്‍ 1917 – ലും പൗരസ്ത്യ സഭകളില്‍ 1949 -ലും അതാത് നിയമസം ഹിതകളിലൂടെ മതവ്യത്യാസം വിവാഹത്തെ അസാധുവാക്കുന്ന ഒരു തടസ്സമായി (impediment) മാറി. വിവാഹമെന്ന കൂദാശയുടെ നന്മയാണ്  ഈ തടസ്സത്തില്‍ ലക്ഷ്യമാക്കിയിട്ടുളളത്. കത്തോലിക്കാ ദമ്പതികളില്‍ വിശ്വാസതകര്‍ച്ചയുടെ ഭവിഷ്യത്തുകളും, സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായേക്കാവുന്ന സാഹചര്യങ്ങളും ഒഴിവാക്കുന്നതും  ഈ തടസ്സത്തില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.

വിവാഹ തടസ്സങ്ങള്‍

വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ചില പ്രത്യേക സാഹചര്യങ്ങളെയാണ് വിവാഹതടസ്സങ്ങള്‍(impediments of marriage) എന്നു പറയുന്നത്. 1983 -ന് മുമ്പ് നിലനിന്നിരുന്ന സഭാനിയമമനുസരിച്ച് വിവാഹതടസ്സങ്ങളെ നിരോധക തടസ്സങ്ങളെന്നും (prohibitive impediments) എന്നും അസാധുവാക്കുന്ന തടസ്സങ്ങള്‍ (Diriment impediments) എന്നും രണ്ടായി തരം തിരിച്ചിരുന്നു. അതനുസരിച്ച് ഏതെങ്കിലും ഒരു വിവാഹ തടസ്സം വിവാഹത്തെ നിയമവിരുദ്ധം മാത്രമെ ആക്കുന്നുളളുവെങ്കില്‍ (illicit) അതിനെ നിരോധക തടസ്സമെന്നും വിവാഹത്തെ അസാധുവാക്കുന്നെങ്കില്‍ (invalid) അതിനെ അസാധുവാക്കുന്ന തടസ്സമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 1983 -ല്‍ പുറത്തിറങ്ങിയ ലത്തീന്‍ നിയമസംഹിതയിലും 1990 -ല്‍ പുറത്തിറങ്ങിയ പൗരസ്ത്യ നിയമസംഹിതയിലും വിവാഹ തടസ്സങ്ങള്‍ക്ക് ഇപ്രകാരമൊരു തരംതിരിവില്ല. എല്ലാ വിവാഹ തടസ്സങ്ങളും വിവാഹത്തെ അസാധുവാക്കുന്ന തടസ്സങ്ങളാണ് (Diriment impediments).

ലത്തീന്‍ നിയമസംഹിതയനുസരിച്ച് 12 വിവാഹ തടസ്സങ്ങളും പൗരസ്ത്യ നിയമസംഹിതയനുസരിച്ച് 13 വിവാഹ തടസ്സങ്ങളുമാണുളളത്. പൗരസ്ത്യ നിയമസംഹിതയിലെ 811-ാം കാനോനയനുസരിച്ച്, മാമ്മോദീസായുടെ അവസരത്തില്‍ തലതൊടുന്നവര്‍ക്ക് (sponsors) ആത്മീയ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയേയോ, ആ വ്യക്തിയുടെ മാതാപിതാക്കളേയോ വിവാഹം കഴിച്ചുകൂടാ. എന്നാല്‍ ഈ വിവാഹതടസ്സം ലത്തീന്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ലത്തീന്‍ സഭയിലുളളതിനേക്കാള്‍ വിവാഹതടസ്സങ്ങള്‍  പൗരസ്ത്യ സഭകളില്‍  കൂടുതലായിട്ടുളളത്.

ദൈവിക നിയമങ്ങളും മാനുഷിക നിയമങ്ങളും

വിവാഹതടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ദൈവിക നിയമങ്ങളുടേയും (Natural laws and Divine positive laws) മാനുഷിക നിയമങ്ങളുടേയും (Positive Ecclesiastical laws) അടിസ്ഥാനത്തി ലാണ്. ഇവയില്‍ ദൈവിക നിയമങ്ങളില്‍ അധിഷ്ഠിതമായ തടസ്സങ്ങളില്‍ നിന്ന് ഒഴിവ് നല്‍കാന്‍ സഭാധികാരികള്‍ക്ക് അധികാരമില്ല. എന്നാല്‍ മാനുഷിക നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവാഹതടസ്സങ്ങളില്‍ നിന്ന് ഒഴിവു നല്‍കാന്‍ സഭാധി കാരികള്‍ക്ക് സാധിക്കും. ചില പ്രത്യേക വിവാഹതടസ്സങ്ങളില്‍ നിന്ന് ഒഴിവു നല്കാനുളള അധികാരം പാത്രിയര്‍ക്കീസുമാര്‍ക്കും പരിശുദ്ധ സിംഹാസനത്തിനുമായി സംവരണം ചെയ്തിരിക്കു കയാണ്.

നിയമത്തില്‍ നിന്ന് ഒഴിവാക്കല്‍

തക്കതായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ തികച്ചും സഭാപരമായ നിയമം ഇളവുചെയ്തു കൊടുക്കുന്നതിനെയാണ് നിയമത്തില്‍ നിന്നുളള ഒഴിവാക്കല്‍ (Dispensation) എന്നു പറയുന്നത്. കത്തോലിക്കാ വിശ്വാസികളുടെ  ആദ്ധ്യാത്മികനന്മയാണ് ഒഴിവു നല്‍കുന്നതി നുളള നീതിപൂര്‍വ്വകവും യുക്തവുമായ കാരണം. അല്ലാത്ത പ ക്ഷം, നിയമം ലക്ഷ്യം വയ്ക്കുന്ന പൊതുനന്മയെ അത് ദോഷകരമായി ബാധിക്കും. നിയമത്തില്‍ നിന്ന് ഒഴിവു കൊടുക്കുവാന്‍ അധികാരമുളള വ്യക്തിയായിരിക്കണം ഈ ഒഴിവാക്കല്‍ നല്‍കേണ്ടത്. അല്ലാത്ത പക്ഷം ഈ ഒഴിവാക്കലിന് നിയമസാധുത ഉണ്ടായിരിക്കുകയില്ല.

മതവ്യത്യാസം എന്ന വിവാഹ തടസ്സം

മതവ്യത്യാസം എന്ന വിവാഹ തടസ്സം ഒഴിവാക്കുന്നതിനുളള അധികാരം രൂപതാമെത്രാനാണ്. ഇതിനുളള അപേക്ഷ  കത്തോലിക്കാദമ്പതി മെത്രാന് സമര്‍പ്പിക്കണം. ഈ അപേക്ഷയില്‍ ചില ഉറപ്പുകള്‍ നല്‍കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അക്രൈസ്തവ ദമ്പതിയുമായുളള കത്തോലിക്കാ ദമ്പതിയുടെ വിവാഹം ദേവാലയത്തില്‍ വച്ച് നടത്തുവാന്‍ അനുവദിക്കുകയുളളൂ. (CCEO.c.803; CIC.c.1086). കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന് മാറിപ്പോയേക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും വിവാഹത്തില്‍ നിന്ന് ഉണ്ടാകുന്ന സന്താനങ്ങളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കിക്കൊള്ളാമെന്നുമാണ് കത്തോലിക്കാദമ്പതി നല്‍കേണ്ട ഉറപ്പ്. ഈ ഉറപ്പിനെപ്പറ്റി അക്രൈസ്തവദമ്പതി അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരത്തക്ക വിധം വിവരങ്ങള്‍ ധരിപ്പിക്കണം. എന്നാല്‍ കത്തോലിക്കാദമ്പതി നല്‍കിയതുപോലുളള ഉറപ്പ് അക്രൈസ്ത വദമ്പതിയും രൂപതാമെത്രാനു മുന്‍പാകെ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ പാടില്ല. കത്തോലിക്കാദമ്പതി സഭയുടെ മുന്‍പാകെ ബാഹ്യമായ വാക്കുകളിലൂടെ ഏറ്റുപറയുന്നത്  മനസ്സാക്ഷിയുടെ ഒരു കടമ അനുസരിച്ചാണ്. ഓരോ സ്വയാധികാര സഭയുടേയും (sui iuris Churches) പ്രത്യേക നിയമം (particular laws) അനുശാസിക്കുന്നതനുസരിച്ചാകണം കത്തോലിക്കാദമ്പതി ഈ ഉറപ്പ് നല്‍കേണ്ടതും അക്കാര്യം അക്രൈസ്തവദമ്പതിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും. വിവാഹത്തിന്റെ സാരവത്തായ ക്രൈസ്തവ ലക്ഷ്യങ്ങളേയും ഗുണവിശേഷങ്ങളേയുംപറ്റി രണ്ടു ദമ്പതിമാരേയും അജപാലകര്‍ ഉദ്‌ബോധിപ്പിക്കേണ്ടതാണ്. കത്തോലിക്കാദമ്പതിക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും തുടര്‍ന്ന് ആത്മീയപരിചരണം നല്‍കാന്‍ അജപാലകര്‍ക്ക് കടമയുണ്ട്. ഇത്തരം വിവാഹങ്ങളോടനുബന്ധിച്ച്  വിശുദ്ധ കുര്‍ബ്ബാന യാതൊരു കാരണവശാലും അനുവദിക്കാറില്ല.

മിശ്രവിവാഹങ്ങള്‍ വ്യത്യസ്തം

മതവ്യത്യാസത്തില്‍ നിന്ന് ഒഴിവാക്കല്‍ വാങ്ങി നടത്തുന്ന വിവാഹങ്ങള്‍ മിശ്രവിവാഹങ്ങളില്‍ (mixed marriage) നിന്ന് വ്യത്യസ്തമാണ്. മിശ്രവിവാഹത്തില്‍ ഒരാള്‍ കത്തോലിക്കനും മറ്റേയാള്‍ അകത്തോലിക്കാ ക്രൈസ്തവനുമായിരിക്കും. എന്നാല്‍ മതവ്യത്യാസത്തില്‍ നിന്ന് ഒഴിവാക്കല്‍ വാങ്ങി നടത്തുന്ന വിവാഹങ്ങളില്‍ ഒരാള്‍ കത്തോലിക്കനും മറ്റേയാള്‍ അക്രൈസ്തവനുമായിരിക്കും (non- – baptized). ഈ രണ്ടു വിവാഹങ്ങളിലും ഒരാള്‍ കത്തോലിക്കനായതു കൊണ്ട്, സാധുവായി വിവാഹം നടത്തുന്നതിന് കത്തോലിക്കാ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന കാനോനിക ക്രമം (canonical form) ഉപയോഗിക്കേണ്ടതാണ് (CCEO.c.834/1;CIC.c.1117). കത്തോലിക്കാ സഭയില്‍ മാമ്മോദീസ സ്വീകരിക്കുകയോ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കപ്പെടുകയോ ചെയ്തിട്ടുളള എല്ലാവരും നിയമം അനുശാസിക്കുന്ന, വിവാഹത്തിന്റെ കാനോനിക ക്രമം പാലിക്കേണ്ടതാണ്.

ലത്തീന്‍ നിയമമനുസരിച്ച്, ഔപചാരിക നടപടിക്രമം വഴി സഭ വിട്ടുപോയവര്‍ സഭയുടെ കാനോനിക ക്രമം (Canonical form ) പാലിക്കുവാന്‍ ബാദ്ധ്യസ്ഥരല്ല. കാരണം, വിവാഹത്തിന്റെ കാനോനിക ക്രമം എന്നത് ഒരു സഭാനിയമം മാത്രമാണ്. എന്നാല്‍ പൗരസ്ത്യ നിയമമനുസരിച്ച് കത്തോലിക്കാ സഭയില്‍ മാമ്മോദീസ സ്വീകരിച്ച  എല്ലാവരും അവര്‍ കത്തോലിക്കാ സഭയുടെ അംഗങ്ങളായി തങ്ങളെ കരുതിയാലും ഇല്ലെങ്കിലും സഭയുടെ കാനോനികക്രമം പാലിക്കുവാന്‍ ബാധ്യസ്ഥരാണ്.

പൗരസ്ത്യ അകത്തോലിക്കാ ദമ്പതിയുമായുളള വിവാഹം

കാത്തോലിക്കാദമ്പതി പൗരസ്ത്യ അകത്തോലിക്കാ ദമ്പതിയുമായി (non – catholic Oriental) വിവാഹത്തിലേര്‍പ്പെടുകയാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തിന്റെ കാനോനികക്രമം, പ്രസ്തുത വിവാഹം നിയമാനുസൃതമായിരിക്കുന്നതിനു വേണ്ടി മാത്രമേ ആവശ്യമുളളൂ. വിവാഹത്തിന്റെ സാധുതയ്ക്ക് അകത്തോലിക്കാ ക്രമമായിരുന്നാലും മതി. എന്നാല്‍ അകത്തോലിക്കരുടെ ക്രമമനുസരിച്ച് വിവാഹം നടത്തുന്നത് വൈദികന്റെ ആശീര്‍വാദത്തോടെയായിരിക്കണമെന്നു മാത്രം (CCEO.c.834/2). പൗരസ്ത്യ സഭാവിഭാഗത്തില്‍പ്പെടാത്ത അക ത്തോലിക്കരുമായി (Non – catholic non – oriental), കത്തോലിക്കര്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നിയമം അനു ശാസിക്കുന്ന കാനോനികക്രമം വിവാഹത്തിന്റെ സാധുതയ്ക്ക് ആവശ്യമാണ്.

മുസ്ലീങ്ങളുമായുളള വിവാഹം

മുസ്ലീങ്ങളുമായി വിവാഹം നടത്താന്‍ കത്തോലിക്കര്‍ക്കു സാധാരണഗതിയില്‍ മതവ്യത്യാസത്തില്‍ നിന്ന് ഒഴിവാക്കല്‍  നല്‍കാറില്ല. കാരണം, മറ്റു മതങ്ങളുടെ പ്രബോധനങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നതിനുളള വ്യവസ്ഥകള്‍ വിവാഹാവസരത്തില്‍ നല്‍കുവാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ല (Cf. Egitto, art.124c.c.;Iran,art.1169c. c.). അതുപോലെ മുസല്‍മാന്റെ കുട്ടികളെ മറ്റു മതങ്ങളുടെ തത്വ സംഹിതകള്‍ പഠിപ്പിക്കുവാനും ഇസ്ലാം മതം അനുവദിക്കുന്നില്ല.

ആംഗ്ലിക്കല്‍ സഭയില്‍ ക്രിസ്ത്യാനിക്ക് നാസ്തികരെ (non- believers) വിവാഹം കഴിക്കണമെങ്കില്‍ മെത്രാന്റെ പ്രത്യേകാനു വാദം ലഭിച്ചിരിക്കണം. എന്നാല്‍ പ്രോട്ടസ്റ്റന്റ് മതങ്ങള്‍ മതവ്യ ത്യാസം വിവാഹതടസ്സമായി കണക്കാക്കുന്നില്ല.

അക്രൈസ്തവ ദമ്പതിയുമായുളള വിവാഹം ദേവാലയത്തില്‍

ചോദ്യം, ഹിന്ദുയുവാവും  കത്തോലിക്കാ യുവതിയും തമ്മിലുളള വിവാഹം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തുന്നത് അനുവദനീയമാണോ എന്നതാണല്ലോ. അനുവദനീയമാണ്. അനുവാദം നല്‍കേണ്ടത് മെത്രാനും. എന്നാല്‍, ഈ അനുവാദത്തിന് മുന്നോടിയായി മത വ്യത്യാസത്തില്‍ നിന്നുളള ഒഴിവ് ലഭിച്ചിരിക്കണം. ഈ ഒഴിവ് നല്‍കേണ്ടതും മെത്രാനാണ്. നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുളളതുപോലെ ഈ ഒഴിവു ലഭിക്കുവാന്‍ കത്തോലിക്കാ                ദമ്പതി കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നും വിവാഹത്തില്‍ നിന്നുണ്ടാകുന്ന സന്താനങ്ങള്‍ക്ക് കത്തോലിക്കാ സഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കുമെന്നും രൂപതാ മെത്രാന് ഉറപ്പ് നല്‍കണം. ഈ ഉറപ്പ് ലഭിച്ചാല്‍ മതവ്യത്യാസത്തില്‍ നിന്ന് ഒഴിവു നല്‍കാനും വിവാഹം ദേവാലയത്തില്‍ വച്ച് ആശീര്‍വ്വദിക്കുവാനും കത്തോലിക്കാ സഭയുടെ നിയമം അനുവദിക്കുന്നുണ്ട്.

മിശ്രവിവാഹത്തെ ഒരു അപവാദമായി (exception) കാണുന്നതിനാലാണ് ന്യായമായ കാരണത്താലെ ഇത് അനുവദിക്കാവൂ എന്ന് സഭാനിയമം നിഷ്‌ക്കര്‍ഷിക്കുന്നത്. ഒരേ വിശ്വാസത്തിലുള്ളവരുടെ വിവാഹമാണ് സഭ അഭികാമ്യമായി കരുതുന്നത്. തന്മൂലം, ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കിലും മിശ്രവിവാഹത്തിനുള്ള അനുമതി മെത്രാന് നിഷേധിക്കാവുന്നതാണ്.

സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം

സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ച്, ഇടവകാംഗങ്ങളില്‍ ആരെങ്കിലും മതവ്യത്യാസത്തില്‍ നിന്ന്  ഒഴിവാക്കല്‍ വാങ്ങാതെ വിവാഹം നടത്തി ഒരുമിച്ചു ജീവിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അജപാലകര്‍ മെത്രാനെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഇത്തരം വിവാഹം വഴിയുണ്ടായ നിയമലംഘനത്തിനും ഉതപ്പിനും (scandal) ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശം. ഇതില്‍ നിന്ന് സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് മതവ്യത്യാസത്തില്‍ നിന്നുളള ഒഴിവാക്കല്‍ (Dispensation from  the Disparity of Cult) നല്കിയിരിക്കണമെന്ന് വ്യക്തമാകുന്നുണ്ടല്ലോ.

ഉദാരമായ സമീപനം

മതവ്യത്യാസത്തിന്റെ തടസ്സത്തില്‍ നിന്ന് ഒഴിവാക്കല്‍ സഭാധികാരികളില്‍ നിന്ന് ലഭിക്കാത്തതിന്റെ പേരില്‍ വിവാഹം ചെയ്യാന്‍ നിശ്ചയിച്ച യുവാവും യുവതിയും വിവാഹം വേണ്ടായെന്ന് തീരുമാനിക്കുമെന്ന് സാധാരണ ഗതിയില്‍ ചിന്തിക്കുവാന്‍ ന്യായമില്ല. ഇക്കാരണം കൊണ്ടു മാത്രം വിവാഹം വേണ്ടായെന്ന് വയ്ക്കുന്നത് അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളിലായിരിക്കും. വിവാഹ തടസ്സം ഒഴിവാക്കി കിട്ടാതെ വരുകയോ ദേവാലയത്തില്‍വച്ച് വിവാഹകര്‍മ്മം നടത്തുവാന്‍ അനുവാദം നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ദമ്പതികള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി പോകുമെന്നുളളതില്‍  സംശയമില്ല. ഇവരുടെമേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഉചിതവും യുക്തവും, സര്‍ വ്വോപരി ആത്മരക്ഷയ്ക്കു സഹായിക്കുന്നതും വിവാഹ തടസ്സം ഒഴിവാക്കുകയും ദേവാലയത്തില്‍ വച്ച് വിവാഹം നടത്താനാവശ്യമായ അനുവാദം നല്‍കുകയുമാണ്. ഒഴിവാക്കല്‍ ആവശ്യ പ്പെടുന്നതിന് തക്കതായ കാരണം ഉണ്ടായിരിക്കുകയും വിവാ ഹം നിശ്ചയിച്ചുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിഷേധാത്മകമായ സമീപനം ന്യായീകരിക്കാവുന്നതല്ല. മാറിവരുന്ന സാമൂഹ്യ സാംസ്‌കാരിക പരിവര്‍ത്തനങ്ങളുടെ നേര്‍ക്കും നമുക്ക് കണ്ണടയ്ക്കാന്‍ നിര്‍വ്വാഹമില്ല.

വിവാഹതടസ്സം ഒഴിവാക്കുകയും, ദേവാലയത്തില്‍ വച്ച് വിവാഹം നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ കര്‍ക്കശവും വളരെ യാഥാസ്ഥിതികവുമായ നിലപാടുകളില്‍ അയവുവരു ത്തേണ്ടത് കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. കത്തോലിക്കാ ദമ്പതിയുടെ വിശ്വാസം സംരക്ഷിക്കപ്പെടുമോയെന്നും  ഉണ്ടാകുന്ന കുട്ടികള്‍ കത്തോലിക്കാ വിശ്വാസത്തില്‍ വളരുമോയെന്നും മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ സഭാധികാരികള്‍ ശ്രദ്ധിക്കേണ്ടത്. ഈ ശ്രദ്ധയും പരിഗണനയുമായിരിക്കും അജപാലനപരവും ആത്മരക്ഷയ്ക്കുപകരിക്കുന്നതുമായ സമീപനം.

ഡോ. ജോസ് ചിറമേൽ