നിയമമോ ദൈവസ്‌നേഹമോ? ഏതാണ് ജീവിതത്തെ നയിക്കുന്നതെന്ന ചോദ്യമുന്നയിച്ച് ഫ്രാന്‍സിസ് പാപ്പാ

നിയമമനുസരിച്ചാണോ അതോ ദൈവമക്കള്‍ക്കടുത്ത സ്‌നേഹത്താല്‍ നയിക്കപ്പെട്ടാണോ നാം ജീവിക്കേണ്ടതെന്ന് ചിന്തിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. വി. പൗലോസിന്റെ, ഗലാത്തിയര്‍ക്കുള്ള ലേഖനം മൂന്നാം അദ്ധ്യായം 23 മുതല്‍ 25 വരെയുള്ള വാക്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാപ്പാ ഇങ്ങനെയൊരു ചോദ്യമുയര്‍ത്തിയത്.

വിശ്വാസം വെളിപ്പെടുത്തപ്പെടുന്നതു വരെയായിരുന്നു നാം നിയമത്തിന്റെ കീഴിലെന്നും ക്രിസ്തുവിന്റെ ആഗമനം വരെ വിശ്വാസത്തില്‍ നീതീകരിക്കപ്പെടുന്നതിന് നിയമം നമ്മുടെ പാലകനായിരുന്നുവെന്നും ഗലാത്തിയരെ ഓര്‍മ്മിപ്പിച്ച പൗലോസ്, വിശ്വാസം സമാഗതമായതിനാല്‍ ഇനി നാം പാലകന് അതായത്, നിയമത്തിന് അധീനരല്ല എന്നുമാണ് തന്റെ ലേഖനത്തില്‍ എഴുതിയിരുന്നത്.

നിയമത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ഈ പ്രബോധനം സുപ്രധാനവും തെറ്റിദ്ധാരണകളില്‍ വീഴാതിരിക്കാനും തെറ്റായ ചുവടുകള്‍ വയ്ക്കാതിരിയ്ക്കാനും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുമാണ്. നമുക്ക് നിയമം ആവശ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണോ നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും അതോ സ്‌നേഹത്തില്‍ ജീവിക്കാന്‍ ദൈവമക്കളായിത്തീരുന്നതിനുള്ള കൃപ ലഭിച്ചവരാണെന്ന ഉത്തമബോധ്യമുള്ളവരാണോ എന്നും സ്വയം ചോദിക്കുന്നത് നല്ലതാണ്.

ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത്? ഞാന്‍ ഇത് ചെയ്തില്ലെങ്കില്‍ നരകത്തില്‍ പോകും എന്ന ഭയത്തിലാണോ? അതോ യേശുക്രിസ്തുവിലുള്ള സൗജന്യരക്ഷയുടെ സന്തോഷത്തോടെയും പ്രത്യാശയോടെയുമാണോ ഞാന്‍ ജീവിക്കുന്നത്? അതൊരു നല്ല ചോദ്യമാണ്; രണ്ടാമത്തേതും. ഞാന്‍ കല്‍പനകളെ പുച്ഛിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ അവ പാലിക്കുന്നു. പക്ഷേ, അവയെ പരമമായി കരുതുന്നില്ല. കാരണം എന്നെ നീതീകരിക്കുന്നത് യേശുക്രിസ്തുവാണെന്ന് എനിക്കറിയാം. ലൗകികമായ നിയമങ്ങളെക്കാള്‍ ദൈവികമായ സ്‌നേഹത്താല്‍ നയിക്കപ്പെടാന്‍ തക്കവിധം ദൈവമക്കളാകാനുള്ള കൃപ ലഭിച്ചതായി നമുക്ക് അറിവുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കാനായിരുന്നു പാപ്പായുടെ ആഹ്വാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.