ലത്തീൻ   സെപ്റ്റംബർ 27   ലൂക്കാ 9:7-9 “ആത്മീയ-കൗതുകത്വം”

ഹേറോദേസ്‌ പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദംചെയ്‌തു. പിന്നെ ആരെക്കുറിച്ചാണ്‌ ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്‌? അവന്‍ ആരാണ്‌? അവനെ കാണാന്‍ ഹേറോദേസ്‌ ആഗ്രഹിച്ചു. ലൂക്കാ 9:9 
എല്ലാ മത-വിശ്വാസ പാരമ്പര്യങ്ങളിലും കൗതുകത്വം അഥവാ ഔല്‍സുക്യം (curiosity) എന്ന ഘടകത്തിന് പ്രാധാന്യമുണ്ട്. പ്രത്യക്ഷീകരണങ്ങൾ (apparitions), സൗഖ്യശുശ്രുഷകൾ, മനസാന്തരങ്ങൾ, വര്‍ണാഭമായ ആഘോഷങ്ങൾ തുടങ്ങിയവ കത്തോലിക്ക സഭയിൽ കണ്ടുവരുന്ന കൗതുകകാഴ്ച്ചകളാണ്.
മതാത്മക കൗതുകത്വത്തിൻ്റെ മൂർത്തീകരങ്ങളായി സുവിശേഷം അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് സക്കേവൂസും ഹേറോദേസും.  “അവനെ കാണാന്‍ ഹേറോദേസ്‌ ആഗ്രഹിച്ചു” (വാക്യം 9) എന്ന പ്രതിപാദ്യം ഹേറോദേസിന്റെ കൗതുകത്വത്തെ കുറിച്ചുള്ളതാണ്. യേശുവിനെക്കുറിച്ചുള്ള അവന്റെ കൗതുകത്വം ദൈവാരാജ്യപ്രഘോഷണത്തിലൂടെ അനേകരെ മനസാന്തരത്തിലൂടെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു പ്രവാചകന്റേതായിരുന്നില്ല, മറിച്ചു ആത്മീയ വെടിക്കെട്ടുകൾ നടത്തി അത്ഭുതപ്രവർത്തനങ്ങളിലൂടെ തന്നെ  ആഹ്ലാദിപ്പിക്കുന്ന  ഒരു ഇന്ദ്രജാലക്കാരന്റെതായിരുന്നു. പക്ഷെ സക്കേവൂസിന്റെ കൗതുകത്വം തന്നെ മനഃപരിവർത്തനത്തിനു സഹായിക്കുന്ന പാപികളുടെയും ചുങ്കക്കാരുടെയും സുഹൃത്തായ യേശുവിനെ കാണാനുള്ളതായിരുന്നു.
സാഹസികയാത്രികന്റെ കൗതുകത്വം പുതിയ ദേശങ്ങളുടെ കണ്ടെത്തലുകളിലേക്കും, ശാസ്ത്രജ്ഞന്റേത് കണ്ടുപിടിത്തങ്ങളിലേക്കും നയിക്കുന്നുവെങ്കിൽ ഒരു ആത്മീയനെ കൗതുകത്വം നയിക്കുന്നത് (സക്കേവൂസിനെ പോലെ) ദൈവത്തിലേക്കാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.