ലത്തീൻ ജനുവരി 20 യോഹ 2:1-12 ദൈവിക പരിചാരകർ

അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു: “അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ ” (യോഹ. 2:5).

യേശു, മറിയം, ശിഷ്യന്മാർ, പരിചാരകർ, കലവറക്കാരൻ എന്നിവരാണ് കാനായിലെ  കല്യാണവിരുന്നിലെ കഥാപാത്രങ്ങൾ. ദൈവികപദ്ധതികളോട് സഹകരിക്കേണ്ട ദൈവമക്കളെ ആണ് ‘പരിചാരകന്‍‘ പ്രതിനിധാനം ചെയ്യുന്നത്. ഈ അത്ഭുത സംഭവത്തിൽ വെള്ളം നിറച്ച കാര്യം മാത്രമേ പരിചാരകർക്ക് അറിയൂ. വെള്ളം എപ്രകാരമാണ് വീഞ്ഞ് ആയി രൂപാന്തരപ്പെട്ടത് എന്ന് അവർക്ക് അറിയില്ല.

വെള്ളം അത്ഭുതത്തിലൂടെ പരിവർത്തനം സംഭവിച്ച് വീഞ്ഞായി മാറുന്നതുപോലെയാണ് ഒരു മനുഷ്യൻറെ ആന്തരികതയിൽ പരിവർത്തനം സംഭവിക്കുന്നത്. ദൈവമക്കൾ ഈ പരിവർത്തന പ്രക്രിയയിൽ തങ്ങളുടെ എളിയ ശുശ്രുഷകളിലൂടെ ദൈവത്തോട് സഹകരിക്കുന്ന പരിചാരകരാണ്.

ശൂന്യമായ കൽഭരണികൾ ശൂന്യമായ ഹൃദയങ്ങളുടെ പ്രതീകമാണ്.  ശൂന്യമായ ഹൃദയങ്ങളിൽ സ്നേഹവും കാരുണ്യവും ആകുന്ന ജലം നിറയ്ക്കുന്ന പരിചാരകരാകണം  ക്രിസ്തുശിഷ്യർ. ദൈവമക്കൾ ദൈവത്തോട് സഹകരിക്കുമ്പോൾ മനുഷ്യജീവിതങ്ങളിൽ പരിവർത്തനങ്ങൾ ഉണ്ടാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.