ലത്തീൻ ജനുവരി 07 മത്തായി 4:12-17, 23-25 ആത്മീയ പ്രകാശം

അന്ധകാരത്തില്‍ സ്‌ഥിതി ചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു (മത്തായി 4:16).

പുൽക്കൂട്ടിൽ ഭൂജാതനായ രക്ഷകനെ ദർശിച്ച ശേഷം വഴികാട്ടിയ നിത്യനക്ഷത്രത്തെ ജ്ഞാനികൾ പിന്നീട് കാണുന്നില്ല. ഇതിനർത്ഥം ലോകത്തിൻ്റെ പ്രകാശമായ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികൾക്ക് ജീവിതയാത്രയിൽ പിന്നീട് മറ്റൊരു പ്രകാശത്തിന്റെ ആവശ്യമില്ല എന്നാണ്.

പാപാന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതതിയുടെ ആത്മീയതയിലേയ്ക്കുള്ള പ്രകാശത്തിന്റെ കടന്നുവരവായിട്ടാണ്, യേശുവിന്റെ പരസ്യജീവിത പ്രവേശനത്തെ സുവിശേഷകൻ വിവരിക്കുന്നത്. ദൈവരാജ്യത്തിന് സുവിശേഷം പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും പിശാചുക്കളെ പുറത്താക്കിയും അവൻ ഗലീലിയായിൽ ഉടനീളവും ഇസ്രായേൽ മുഴുവനിലും പ്രകാശം പരത്തി.

ക്രിസ്തുവാകുന്ന ആത്മീയപ്രകാശത്തെ, നമ്മുടെ ആത്മാവിന്റെ അന്ധകാര തലങ്ങളിലേക്ക് പ്രകാശിക്കുവാനായി അനുവദിക്കുമ്പോൾ എന്റെ ജീവിതത്തിൽ അന്ധകാരം നിറയ്ക്കുന്ന പാപസാഹചര്യങ്ങളെ കണ്ടെത്താനും ഉപേക്ഷിക്കാനും സാധിക്കും. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.