ലത്തീൻ ജനുവരി 03 ലൂക്കാ 1:29-34 (വിശുദ്ധ നാമത്തിരുനാൾ) യേശുനാമം-ശക്തനാമം

അടുത്ത ദിവസം യേശു തന്‍റെ അടുത്തേക്ക് വരുന്നതു കണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്‌ (യോഹ. 1:29).

യേശുനാമത്തിന്റെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വി. പൗലോസ്  ശ്ലീഹാ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്; “ഇത്‌, യേശുവിന്‍റെ നാമത്തിന് മുന്നില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും…” (ഫിലി. 2:10).

യൗസേപ്പും മറിയവും ശിശുവിന് യേശു എന്ന് ദൈവാലയത്തിൽ വച്ച് പേരിടുന്ന രംഗമാണ് യേശുനാമ തിരുനാളിന്റെ (Feast of Holy Name of JESUS) വിശുദ്ധഗ്രന്ഥ പശ്ചാത്തലം. വെറുമൊരു നാമമല്ല ശക്തി നൽകുന്നത്. മറിച്ച്, ആ നാമം വഹിക്കുന്ന വ്യക്തിയാണ് നാമത്തിന് ശക്തി നൽകുക. അതിനാൽ യേശുനാമം ശക്തമാകുന്നത് ദൈവപുത്രൻ ആ നാമം വഹിക്കുന്നു എന്നതിനാലാണ്.

യേശുനാമത്തിലാണ് ഒരാളെ പൈശാചിക ബന്ധനത്തിൽ നിന്നും സ്വതന്ത്രമാക്കുന്ന ശുശ്രൂഷ സഭ നിർവ്വഹിക്കുന്നത്. യേശുനാമത്തിലാണ് പാപങ്ങൾക്ക് പൊറുതി ലഭിക്കുന്നത് (ലൂക്കാ 24:47). യേശുനാമത്തിലാണ് സൗഖ്യം ലഭിക്കുന്നത് (അപ്പ. 3:6).

തുടരെയുള്ള യേശുനാമത്തിന്റെ ഉച്ചാരണം അഞ്ച് ആത്മീയഫലങ്ങൾ ജനിപ്പിക്കുന്നതായി പരമ്പരാഗതമായി സഭ വിശ്വസിക്കുന്നു.

1. മനസ്സിൽ വിശുദ്ധ ചിന്തകൾ ജനിപ്പിക്കുന്നു.

2. ആത്മാവിൽ സത്ഭാവങ്ങൾ ഉളവാക്കുന്നു.

3. പുണ്യത്തിൽ വളരുവാന്‍ സഹായിക്കുന്നു.

4. സത്പ്രവർത്തികൾ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു.

5. സത് വികാരങ്ങൾ വളർത്തുന്നു.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.