ലത്തീൻ ഡിസംബർ 07 മത്താ. 9:27-31 ദൈവികനന്മയും മനുഷ്യവിശ്വാസവും

അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര്‍ അവന്‍െറ സമീപം ചെന്നു. യേശു അവരോട് ചോദിച്ചു: എനിക്ക്‌ ഇത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്‌ കര്‍ത്താവേ, എന്ന്‌ അവര്‍ മറുപടി പറഞ്ഞു (മത്താ. 9 : 28).

“എനിക്കിത് (സൗഖ്യം) ചെയ്യാൻ സാധിക്കുമെന്ന് നീ വിശ്വസിക്കുന്നുവോ?” എന്ന യേശുവിന്റെ ചോദ്യം ക്രൈസ്തവന്റെ പ്രാർത്ഥനാജീവിതത്തിൽ വളരെ ശ്രദ്ധേയമാണ്. യേശുവിന് ഈ ചോദ്യം കൂടാതെ അവനെ സുഖപ്പെടുത്താൻ സാധ്യമല്ലാത്തതിനാലല്ല. മറിച്ച്, ആത്മീയജീവിതമെന്നത് ഒരു ദിശയിൽ മാത്രം നടക്കുന്ന കാര്യമല്ല. ദൈവവും മനുഷ്യനും തമ്മിലുള്ള സംസർഗ്ഗമാണ് എന്ന് പഠിപ്പിക്കാനായിരിക്കണം അത്.

ദൈവവുമായുള്ള ബന്ധത്തിൽ ദൈവത്തെ അനുഗ്രഹങ്ങളുടെ ഒരു ദാതാവും ഉപകർത്താവും മാത്രമായി കാണുന്നത് ആത്മീയജീവിതത്തിൽ അപക്വമായ സമീപനമാണ്. പ്രാർത്ഥിക്കുന്നവന്റെ വിശ്വാസം ദൈവ-മനുഷ്യ ബന്ധത്തിൽ മർമ്മപ്രധാനമാണ്.

സർവ്വ നന്മവാരിധിയായ ദൈവത്തിന്റെ അപരിമിത നന്മ മാത്രം മനുഷ്യർക്ക്‌ നന്മ സംജാതമാക്കുന്നില്ല. വിശ്വാസം ദൈവത്തിന്റെ നന്മയിൽ ആശ്രയമർപ്പിക്കാൻ മനുഷ്യനെ സഹായിക്കുന്നു.

ദൈവം വൈദ്യനെങ്കിൽ വിശ്വാസം ഔഷധമാണ്. ദൈവികനന്മയും  മനുഷ്യവിശ്വാസവും സമ്മേളിക്കുന്നിടത്താണ് സൗഖ്യം സംഭവിക്കുക. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.