ലത്തീൻ ജനുവരി 17 യോഹ 1: 35-42 സ്പോട്ട് ലൈറ്റ് മിഷൻ

യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്‍െറ കുഞ്ഞാട്‌! (യോഹ 1:36)

അന്ത്രയോസും സുഹൃത്തും തുടക്കത്തിൽ സ്നാപകയോഹന്നാന്റെ ശിഷ്യരായിരുന്നുവെങ്കിലും “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞ് ക്രിസ്തുവിനെ വെളിപ്പെടുത്തിയപ്പോൾ സ്നാപകനെ വിട്ട് യേശുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയാണ്.

യോഹന്നാൻ ക്രമേണ അരങ്ങിൽ നിന്നും മാറി യേശുവിനെ രംഗത്ത് അവതരിപ്പിച്ച് തന്റെ ശിഷ്യരുടെ ശ്രദ്ധ യേശുവിലേക്ക് കേന്ദ്രികരിക്കാൻ ക്ഷണിക്കുകയാണ്. അതായത് യോഹന്നാന് തന്റെ സ്വന്തം ശിഷ്യരെയും ആരാധകരെയും നഷ്ടപ്പെടുന്നു. യേശുവിന്റെ ശിഷ്യരുടെ എണ്ണം വർദ്ധിക്കുന്നു.

യഥാർത്ഥത്തിൽ യോഹന്നാൻ ഒരു സ്പോട്ട് ലൈറ്റിന്റെ ജോലിയാണ് ചെയ്യുന്നത്. ഈ മാതൃക തിരുസഭയിൽ ശുശ്രുഷകർ അനുവർത്തിക്കേണ്ട “കേന്ദ്രപ്രകാശിത ദൗത്യം” (Spotlight Mission) എന്ന ശുശ്രുഷയിലേക്ക് വെളിച്ചം വീശുന്നു.

ഒരാൾ സഭാശുശ്രുഷ ചെയ്യുമ്പോൾ സഭാമക്കൾ തങ്ങളുടെ ശ്രദ്ധ ശുശ്രുഷകനിലേക്ക് കേന്ദ്രികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ക്രിസ്തുദാസർ എന്ന നിലയിൽ ശുശ്രുഷകർ ജനശ്രദ്ധ ക്രിസ്തുവിലേക്ക് തിരിച്ചുവിടുക എന്നത് ശിഷ്യത്വനിർവഹണത്തിന്റെ അടിസ്ഥാന പാഠമാണ്.

സുവിശേഷവൽക്കരണം “വ്യക്തികേന്ദ്രികൃതം” ആക്കുന്നവർ വ്യാജശിഷ്യരും “ക്രിസ്തുകേന്ദ്രികൃതം” ആക്കുന്നവർ മൗലികശിഷ്യരും ആകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.