ലത്തീൻ ഫെബ്രുവരി 23 മർക്കോ. 9:2-13 മഹത്വീകൃത മര്‍ത്യശരീരം

അവന്റെ വസ്ത്രങ്ങൾ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയുന്നതിനെക്കാൾ വെണ്മയും തിളക്കവുമുള്ളവയായി (വാക്യം 03).

യേശുവിന്റെ രൂപാന്തരീകരണ സമയത്ത് ദൈവമഹത്വം വെളിപ്പെടുത്തപ്പെട്ടത് ഉന്നതങ്ങളിൽ ആയ്യിരുന്നില്ല. മറിച്ച്, അവന്റെ മനുഷ്യത്വത്തിലും മനുഷ്യമുഖത്തിലും സാധാരണ വസ്ത്രത്തിലുമായിരുന്നു. ദൈവമഹത്വത്താൽ  ദീപ്‌തമാക്കപ്പെടേണ്ട നമ്മുടെ മനുഷ്യശരീരങ്ങളുടെ ഒരു മുൻ അവതരണമാണത്. വെളിപാട് പുസ്തകത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തവിധം സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുമുള്ള വെള്ളയങ്കി അണിഞ്ഞ ജനക്കൂട്ടത്തിന്റെ ദർശനം ദൈവമഹത്വത്തിൽ പങ്കുചേരുന്ന വിശുദ്ധരുടെ ഗണങ്ങളെയാണ് സൂചിപ്പിക്കുന്നത് (വെളി. 7:9). മാമോദീസാ വേളയിൽ ശിശുവിനെ ധരിപ്പിക്കുന്ന വെള്ളവസ്ത്രം ക്രൈസ്തവ വിശ്വാസത്താലും ജീവിതത്താലും മഹത്വീകരിക്കപ്പെട്ട് ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനെയാണ്  സൂചിപ്പിക്കുന്നത്.

യേശുവിന്റെ രൂപാന്തരീകരണം പരിശുദ്ധാത്മാവിന്റെ ആലയങ്ങളായി കാത്തുസൂക്ഷിച്ചു മഹത്വീകരിക്കപ്പെടേണ്ട നമ്മുടെ മര്‍ത്യശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ മര്‍ത്യശരീരത്തിലെ പാപക്കറകൾ കഴുകി വിശുദ്ധീകരിക്കപ്പെട്ട് മാമോദീസായിൽ നൽകപ്പെട്ട ദൈവമഹത്വത്തെ ലോകത്തിൽ പ്രകാശിപ്പിക്കുക എന്നത് ക്രൈസ്തവധർമ്മമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.