ലത്തീൻ ജനുവരി 06 ലൂക്കാ 4: 14-22 അഭിഷിക്തൻ

“കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതര്‍ക്ക്‌ മോചനവും അന്ധര്‍ക്ക് കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും” (ലൂക്കാ 4:18).

പുരോഹിതർ, രാജാക്കന്മാർ, പ്രവാചകന്മാർ എന്നിങ്ങനെ മൂന്നു വിഭാഗം ആളുകളാണ് പഴയനിയമ കാലത്ത് അഭിഷിക്തരാക്കപ്പെട്ടിരുന്നത്. രാജാക്കന്മാർ അധികാരം ഏറ്റെടുക്കുന്നതിന്റെയും പുരോഹിതന്മാർ ലോകത്തിൽ നിന്നും വേർതിരിക്കപ്പെടുന്നതിന്റെയും പ്രവചനദൗത്യത്തിനായി പ്രവാചകന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുന്നതിന്റെ പ്രതീകമായും തൈലത്താൽ അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

തന്റെ പരസ്യജീവിത കാലത്ത് യേശു ഈ ത്രിവിധ ദൗത്യങ്ങൾ നിറവേറ്റിയിരുന്നു.  ദൈവരാജ്യ പ്രകടനത്തിലൂടെ പ്രവാചകദൗത്യവും, പാപമോചനത്തിലൂടെയും സൗഖ്യശുശ്രൂഷയിലൂടെയും പൗരോഹിത്യദൗത്യവും, ഇടയശുശ്രൂഷയിലൂടെ  രാജകീയദൗത്യവും യേശു നിറവേറ്റി. മാമ്മോദീസ സ്വീകരിച്ച ദൈവമക്കൾ ആയിത്തീർന്ന ഓരോ ക്രൈസ്തവരും ഈ ത്രിവിധ ദൗത്യങ്ങൾ (നയിക്കുക, വിശുദ്ധീകരിക്കുക, പ്രഘോഷിക്കുക) ക്രൈസ്തവജീവിതത്തിൽ നിറവേറ്റുന്നുണ്ട്.

ഒരു പുരോഹിതൻ ദൈവജനത്തിനു വേണ്ടി ബലിയർപ്പിക്കുന്നതു പോലെ തങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും ബലിചൈതന്യം ജീവിക്കുമ്പോൾ ജീവിതവും കുടുംബവും ബലിപീഠങ്ങളും കുടുംബാംഗങ്ങൾ പുരോഹിതരും ആയി മാറുകയാണ്.  വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ക്രിസ്തുവിനെപ്പോലെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ഓരോ ക്രൈസ്തവനും പ്രവാചകരായി മാറുകയാണ്. തങ്ങൾക്ക് ഭരമേൽപിക്കപ്പെട്ടിരിക്കുന്നവരെ പ്രത്യേകമായി, മാതാപിതാക്കൾ മക്കളെ  ദൈവമക്കളാക്കി വളർത്തിക്കൊണ്ടു വരുമ്പോൾ ക്രിസ്തുവിന്റെ ഇടയശുശ്രൂഷയിൽ അഥവാ രാജകീയദൗത്യത്തിൽ പങ്കുചേരുകയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.