ലത്തീൻ ഡിസംബർ 26 ലൂക്കാ 2: 41-52 (തിരുക്കുടുംബ തിരുനാൾ) ദൈവിക കുടുംബം

“യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു” (ലൂക്കാ 2:52).

തിരുസഭയുടെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തെ “ദൈവത്തിന്റെ ഒരു കുടുംബം” (Family of God), അതായത് ദൈവം വസിക്കുന്ന ഒരു കുടുംബം ആയിട്ടാണ് വി. ജോൺപോൾ മാർപാപ്പ നിർവചിക്കുന്നത്.  തിരുക്കുടുംബ തിരുനാളാചരണത്തിലൂടെ നസ്രത്തിലെ കുടുംബത്തെ കുറേ സവിശേഷതകളുള്ള ഒരു കുടുംബമായിട്ടല്ല സഭ നോക്കിക്കാണുന്നത്. മറിച്ച് ദൈവികപദ്ധതികളോട് സമ്പൂര്‍ണ്ണമായി സഹകരിച്ച ദൈവത്തിന്റെ ഒരു കുടുംബമായിട്ടാണ്.

ദൈവിക കുടുംബങ്ങളുടെ ലക്ഷണങ്ങളായി മൂന്ന് കാര്യങ്ങളുണ്ട്. ഒന്നാമതായി, ജീവന്റെ പവിത്രതയും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്ന ഒരു കുടുംബം. അതായത് ഗർഭഛിദ്രവും വിവാഹമോചനവും  ഗർഭനിരോധനവും ഒക്കെ കുടുംബജീവിതശൈലിയുടെ ഭാഗമാകുന്ന ഒരു മരണസംസ്കാരത്തിൽ ജീവന്റെ പോഷണത്തിലൂടെ ജീവന്റെ സംസ്കാരം സൃഷ്ടിക്കുന്നവരായിരിക്കും ക്രൈസ്‌തവ കുടുംബങ്ങൾ. രണ്ടാമതായി, വൈവാഹിക ജീവിതത്തിൽ വിശ്വസ്തതയുടെ ജീവിതത്തിലൂടെ സ്നേഹത്തിന്റെ വിശുദ്ധി  കാത്തുസൂക്ഷിക്കുന്ന കുടുംബം. മൂന്നാമതായി, ദൈവം തരുന്ന മക്കളെ ദൈവത്തിന്റെ മകനോ, മകളോ ആയി വളർത്തിക്കൊണ്ടു വരും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.