ലത്തീൻ ഡിസംബർ 19 ലൂക്കാ 1: 39-45 സന്ദർശന രഹസ്യം

“മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു” (വാക്യം 39).

ഒറ്റനോട്ടത്തിൽ ഏലീശ്വായുടെ ഭവനത്തിലേക്കുള്ള മറിയത്തിന്റെ സന്ദർശനം ബന്ധുക്കളായ രണ്ടു ഗർഭിണികളുടെ സ്വാഭാവിക സന്ദര്‍ശനമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ ആത്മീയപശ്ചാത്തലത്തിൽ ഗർഭസ്ഥശിശുവായ ദൈവപുത്രൻ തന്റെ മുന്‍ഗാമിയായ സ്നാപകയോഹന്നാനെ സന്ദർശിക്കുന്ന വേളയാണിത്. ദൈവപുത്രന്റെ സന്ദർശനം എന്ന അർത്ഥത്തിലാണ് “സന്ദർശനം” ദൈവീകരഹസ്യം ആകുന്നത്.

സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നടന്ന രണ്ട് നിഗൂഢസംഭവങ്ങൾ ഈ സന്ദർശനത്തിന് ദൈവീക രഹസ്യത്തിന്റെ അടിത്തറ നൽകുന്നു.

1. കന്യാത്വവും വന്ധ്യതയും (Virginity & Bareness): ഗർഭിണിയായ മറിയത്തിന്റെ കന്യാത്വവും വന്ധ്യയായ എലിസബത്തിന്റെ ഗർഭധാരണവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ, എന്നാൽ ദൈവിക കരങ്ങളാൽ നിവർത്തിതമായ നിഗൂഢതയുടെ രഹസ്യങ്ങളാണ്.

2. യോഹന്നാന്റെ ഉദരത്തിലെ കുതിച്ചുചാട്ടം (Leaping of John in the Womb): എലിസബത്തിന്റെ ഉദരത്തിലായിരുന്ന യോഹന്നാനാണ് മറിയത്തിന്റെ ഉദരത്തിലുള്ള ദൈവപുത്രന്റെ സാന്നിധ്യം എലിസബത്തിനേക്കാൾ മുമ്പേ ഗ്രഹിച്ചത്. പ്രായമോ മറ്റേതെങ്കിലും മാനുഷികശേഷിയോ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് അനിവാര്യമല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം.

സന്ദർശന രഹസ്യത്തിന്റെ പശ്ചാത്തലത്തിൽ മറിയത്തിന്റെ ഗര്‍ഭാവസ്ഥ മനുഷ്യർക്ക് ദൈവം സമ്മാനിച്ച “ആത്മീയഗർഭം” (Spiritual Pregnancy) എന്ന അവസ്ഥയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മറിയത്തിന്റെ ഉദരം പരിശുദ്ധാതമാവിന്റെ വാസസ്ഥാനമായി മാറിയതുപോലെ മാമ്മോദീസയിലൂടെ പരിശുദ്ധാതമാവിന്റെ ശക്തിയാൽ നമ്മുടെ ശരീരം ദൈവത്തിന്റെ വാസസ്ഥലമായി മാറിയിരിക്കുന്നതാണ് ആത്മീയ ഗർഭാവസ്ഥ.

മറിയം എലിസബത്തിന്റെ ഭവനത്തിലേക്ക് ദൈവപുത്രനെ ഉദരത്തിൽ വഹിച്ചതുപോലെ ദൈവത്തിന്റെ ആലയങ്ങളായ ദൈവമക്കൾ ദൈവസാന്നിധ്യത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് സംവഹിക്കുമ്പോൾ ക്രൈസ്തവജീവിതത്തിൽ “സന്ദർശന രഹസ്യം” ദൈവീക രഹസ്യമായി മൂര്‍ത്തീകരിക്കപ്പെടുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.