ലത്തീൻ ഡിസംബർ 18 മത്തായി 1: 18-25 ദൈവികനീതിയും നിയമാനുസൃത നീതിയും

“അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19).

യൗസേപ്പിന്റെ നീതിബോധം രക്ഷാകര ചരിത്രത്തിൽ വരെ നിർണ്ണായകമായ ഒന്നാണ്. വിവാഹത്തിനു മുൻപായി മറിയം ഗർഭിണിയായി എന്നു തിരിച്ചറിയുന്ന യൗസേപ്പ്, നിയമാനുസൃത നീതി അനുസരിച്ച് (Legalistic Rightousness) അവളെ പൊതുജനസമക്ഷം കൊണ്ടുവന്ന് ശിക്ഷിക്കാമായിരുന്നിട്ടും ദൈവികനീതി അനുസരിച്ച് (Divine Rightousness) അവൾക്ക് അവമതി വരുത്താതെ രഹസ്യത്തിൽ ഉപേക്ഷിക്കാനാണ് ശ്രമിച്ചത്.

നിയമാനുസൃത നീതിയുടെ അടിസ്ഥാനം നിയമങ്ങളായിരുന്നെങ്കിൽ, ദൈവികനീതിയുടെ അടിസ്ഥാനം ദൈവികസ്വഭാവമായ കാരുണ്യമാണ്. അതായത്,  യേശു തന്റെ പരസ്യജീവിതകാലത്ത് നീതിജീവിതത്തെക്കുറിച്ച് ശിഷ്യരെ പഠിപ്പിച്ചത്, “നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 5:20) എന്ന യേശുപഠനം യൗസേപ്പ് യേശുവിന്റെ ജനനത്തിനു മുൻപു തന്നെ ജീവിതത്തിൽ പകർത്തി.

വിവാഹത്തിനു മുൻപായി ഗർഭിണിയായി കാണപ്പെടുന്നവളെ കല്ലെറിഞ്ഞു കൊല്ലാൻ യഹൂദനിയമം അനുവദിച്ചിരുന്നതിനാൽ, ദൈവികനീതിക്കു പകരമായി നിയമാനുസൃത നീതി യൗസേപ്പ് അനുവർത്തിച്ചിരുന്നെങ്കിൽ, കുരിശുമരണത്തിനു മുൻപു തന്നെ യേശു വധിക്കപ്പെടുമായിരുന്നു. അഥവാ രക്ഷകന്റെ അമ്മയുടെ മരണത്തോടൊപ്പം രക്ഷകനെയും ലോകത്തിന് നഷ്ടപ്പെടുമായിരുന്നു.

നിയമാനുസൃത നീതിയുടെ പാലനം മാനുഷികനീതി ഉറപ്പ്‌ വരുത്താൻ ഒരു പരിധി വരെ ആവശ്യമെങ്കിൽ തന്നെയും ദൈവികനീതിയുടെ പാലനം സ്വർഗം ഭൂമിയിൽ സംജാതമാക്കുന്നതിന് അനിവാര്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.