ലത്തീൻ ഡിസംബർ 17 മത്തായി 1: 1-17 ദൈവാത്വീകരണം

“അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്‌തുവിന്റെ വംശാവലി ഗ്രന്ഥം” (മത്തായി 1:1).

വംശാവലി എന്നത് വെറുതെ ഒരു നാമാവലി മാത്രമല്ല. ഓരോ നാമത്തിനും ഒരു മുഖമുണ്ട്; ഓരോ കഥയുമുണ്ട്. ഓരോ തലമുറയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനാൽ ചരിത്രവുമുണ്ട്.

രക്ഷാകര രഹസ്യത്തിലെ നിഗൂഢമായ ഒരു സത്യം യേശുവിന്റെ വംശാവലി വെളിപ്പെടുത്തുന്നുണ്ട്. ജന്മമെടുത്ത ദൈവപുത്രൻ സമ്പൂർണ്ണമായും മനുഷ്യനും ദൈവവുമാണ് എന്നതാണ് അത്. പാപത്തിലൂടെ കളങ്കിതമായ മനുഷ്യത്വത്തെ തന്റെ ദൈവത്തിലൂടെ ശുദ്ധീകരികുക എന്നതാണ് മനുഷ്യാവതാരത്തിന്റെ ലക്ഷ്യം. അതായത്, തന്റെ മനുഷ്യാവതാരത്തിലൂടെ ദൈവപുത്രൻ പൂർണ്ണമായും മനുഷ്യകുടുംബത്തിന്റെ ഭാഗമായി എന്നതിന്റെ പ്രകാശനമാണ്, യേശുവിന്റെ വംശാവലി ഗ്രന്ഥത്തിൽ വിശുദ്ധർ മാത്രമല്ല പാപികളും ഉൾപ്പെട്ടിരിക്കുന്നുവെന്നത്. 

1. അബ്രഹാം: വിശ്വാസികളുടെ പിതാവായ അബ്രഹാം, ഭാര്യയായ സാറ തന്റെ സഹോദരിയാണ് എന്ന് കള്ളം പറയുന്നുണ്ട് (ഉൽ. 20:2).

2. ദാവീദ്: ഇസ്രായേൽ ചരിത്രത്തിലെ മികച്ച രാജാക്കന്മാരിൽ ഒരാളായിരുന്നെങ്കിലും ദാവീദ് ഊറിയായുടെ ഭാര്യയായ ബെത്‌ഷെബായെ പ്രാപിക്കുക വഴി പരസ്ത്രീഗമനം ചെയ്ത വ്യക്തിയായി (2 സാമു 11:4).

3. സോളമൻ: വിജ്ഞാനം, സമ്പത്ത് എന്നിവ കൊണ്ട് പ്രഗത്ഭനായിരുന്നുവെങ്കിലും അവൻ ഒരു ബഹുഭാര്യാലമ്പടനായിരുന്നു (1 രാജ 11:4).

4. താമാർ: തന്റെ ഭർതൃപിതാവിൽ നിന്നും പെരസിന് ജന്മം കൊടുത്ത കാനാൻകാരി താമാർ ഒരു വ്യഭിചാരിണിയായിരുന്നു.

5. റാഹാബ്: ബോവാസിന്റെ അമ്മയായ റാഹാബ് ഒരു വ്യഭിചാരിണിയായിരുന്നു.

6. റൂത്ത്: മൊവാബുകാരിയായ റൂത്ത് ബോവാസുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

7. ബെത്‌ഷേബാ: ദാവിദിനാൽ വശീകരിക്കപ്പെട്ട ബെത്‌ഷേബ ഊറിയായുടെ ഭാര്യയായിരുന്നു.

ദൈവപുത്രന്റെ വംശാവലിയിൽ പാപികളും ഉൾപ്പെടുന്നത് ഒരു സന്ദേശമാണ്. അതായത്, മനുഷ്യാവതാരം എന്നത് മനുഷ്യമക്കളെ ദൈവമക്കളാക്കാൻ ദൈവം മനുഷ്യത്വത്തിന്റെ ബലഹീനതകൾക്കിടയിലേക്ക് മനുഷ്യനായി അവതരിക്കുന്നതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.