ലത്തീൻ ഡിസംബർ 11 മത്തായി 17: 9a, 10-13 പ്രകടീകരണ ദൗത്യം

“എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസിലാക്കിയില്ല. സ്‌നാപകയോഹന്നാനെ പറ്റിയാണ്‌ അവന്‍ തങ്ങളോടു സംസാരിച്ചതെന്ന്‌ അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസിലായി” (മത്തായി 17: 12-13).

മിശിഹായുടെ വരവിനു മുൻപായി ഏലിയാ പ്രവാചകൻ തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്ന യഹൂദസമൂഹത്തിൽ പരമ്പരാഗതമായി യഹൂദകുടുംബങ്ങൾ  സാബത്ത് ദിനത്തിലെ കുടുംബപ്രാർത്ഥനയുടെ സമയത്ത് ഒരു പീഠം ഒഴിച്ചിടുന്ന പതിവുണ്ടായിരുന്നു. ഏലിയായുടെ വരവ് മിശിഹായുടെ വരവിന്റെ  ഭാവിസൂചകമായി കരുതിയിരുന്നു.

ഏലിയായുടെ വരവിനു മുൻപായി തന്നെ യേശുവിലൂടെ മിശിഹാ ലോകത്തിൽ അവതരിച്ചുവെന്ന് വിശ്വസിക്കാൻ താബോറിലെ ദൈവാനുഭവം പ്രിയശിഷ്യന്മാരെ പ്രേരിപ്പിച്ചു. പക്ഷേ, ഏലിയാ വന്നുകഴിഞ്ഞു എന്നു പറഞ്ഞ് തനിക്ക് വഴിതെളിച്ച  സ്നാപകയോഹന്നാന്റെ വരവിനെയും ദൗത്യത്തെയും ഏലിയായുടെ വരവിനോട് അനുരൂപപ്പെടുത്തുകയാണ് യേശു.

സമയത്തിന്റെ പൂർത്തിയിൽ സ്നാപകൻ “ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നു പറഞ്ഞ് യേശുവിനെ ലോകത്തിനു വെളിപ്പെടുത്തി. മിശിഹായെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യമാണ് സത്യത്തിൽ ഏലിയായും സ്നാപകനും പങ്കുവച്ചത്. എന്റെ ജീവിതസാക്ഷ്യത്തിലൂടെ രക്ഷകനെ ലോകത്തിനു വെളിപ്പെടുത്തുക എന്നത് ക്രിസ്തുമസ് സന്ദേശമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.