ലത്തീൻ ഡിസംബർ 10 മത്തായി 11: 16-19 ആത്മീയ-മഞ്ഞപ്പിത്തം

“ചന്തസ്ഥലത്തിരുന്ന്‌ കൂട്ടുകാരെ വിളിച്ച്‌, ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്‌തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നു പറയുന്ന കുട്ടികള്‍ക്കു സമാനമാണ്‌ ഈ തലമുറ” (മത്തായി 11:17).

“മഞ്ഞപ്പിത്തം ബാധിച്ച വയറിന് കഴിക്കുന്നതെല്ലാം കയ്പ്പ് രുചിക്കും” എന്ന ചൊല്ലു പോലെ യേശു പ്രബോധിപ്പിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം അവന്റെ സമകാലീനരായ ഫരിസേയർക്കും നിയമജ്ഞർക്കും കയ്പുരസമുള്ളതായി തോന്നുന്നു! ഒരു താപസന്റെ രൂപത്തിൽ അനുതാപത്തിനുള്ള ആഹ്വാനവുമായി വന്ന സ്നാപകയോഹന്നാനെ അവർ ‘പിശാചുബാധിതൻ’ (Possessed) എന്നും എന്നാൽ സാധാരണക്കാരനെപ്പോലെ എല്ലാവരോടുമൊത്തു ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്ന യേശുവിനെ അവർ ‘ഭോജനപ്രിയൻ’ (Glutton) എന്നും സമകാലികർ മുദ്ര കുത്തിയത് ഈ ആത്മീയ-മഞ്ഞപ്പിത്തത്തിന്റെ ഭാഗമായിരുന്നു.

“ജ്‌ഞാനം ശരിയെന്നു തെളിയുന്നത്‌ അത്‌ സ്വീകരിക്കുന്നവരിലൂടെയാണ്‌” (ലൂക്കാ 7:35) എന്ന വചനങ്ങളിലൂടെ, തന്നെ സ്വീകരിക്കാത്ത സമകാലീനർക്ക് ചുട്ട മറുപടി യേശുനാഥൻ കൊടുക്കുന്നു. അതായത്, സാധാരണക്കാരനായ യേശുവിലൂടെയും  താപസനായ യോഹന്നാനിലൂടെയും വെളിപ്പെടുത്തപ്പെട്ടത് ഒരേ ദൈവികവിജ്ഞാനമായിരുന്നു. അവരിലൂടെ രണ്ട് ശൈലികളിൽ വെളിപ്പെടുത്തപ്പെട്ട ദൈവികജ്ഞാനം വൈരുദ്ധ്യാത്മകമല്ല, മറിച്ച് അഖണ്‌ഡതാത്മകമായിരുന്നു.

വിലാപഗാനം ആലപിക്കുമ്പോൾ ഞങ്ങളോടൊത്തു കരയണമെന്ന് ചന്തസ്ഥലത്തിരുന്ന് ആവശ്യപ്പെടുന്ന കുട്ടികളെപ്പോലെ, എന്റെ ഇഷ്ടം പോലെ ദൈവം അനുഗ്രഹങ്ങൾ വർഷിക്കണമെന്നു കരുതുന്നിടത്തല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നിടത്താണ് ദൈവികജ്ഞാനം വെളിപ്പെടുത്തപ്പെടുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.