ലത്തീൻ ഡിസംബർ 05 ലൂക്കാ 3:1-6 സ്നാപക മാതൃക

“ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതു പോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍…” (ലൂക്കാ 3:4).

രക്ഷകന്റെ ജനനത്തിന്റെ അനുസ്മരണത്തിനും ആഘോഷത്തിനുമായി ഒരുങ്ങുന്നവർക്ക് മാതൃകയാക്കാവുന്ന വ്യത്യസ്ഥമായ കഥാപാത്രമാണ് സ്നാപകയോഹന്നാൻ. കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരവും കർണ്ണകഠോരാമായ സംഗീതവും ആർഭാടനിബിഡമായ വിപണനവും അരങ്ങു തകർക്കുന്ന അഭിനവ ക്രിസ്തുമസ് വെറുമൊരു ഇന്ദ്രീയാനുഭവം മാത്രമാണ്. എന്നാൽ ഇത്തരം ഒരുക്കങ്ങൾക്ക് കടകവിരുദ്ധമായ ഒരുക്കമാതൃകയാണ് സ്നാപകയോഹന്നാനിലൂടെ ആഗമനകാലത്ത് സഭ അവതരിപ്പിക്കുന്നത്.

യോഹന്നാൻ രക്ഷകന്റെ ജനനത്തിനായി തന്നെത്തന്നെയും ഒരു ദേശത്തെയും ഒരുക്കിയത് അനുതാപത്തിന്റെ മാമ്മോദീസ പ്രസംഗിച്ചും തീവ്രവിരക്തിയുടെ ജീവിതശൈലിയിലൂടെയും ആധികാരികതയുടെ വചനങ്ങളിലൂടെയും പ്രവാചക തീഷ്ണതയിലൂടെയുമാണ്.

ആഗമനകാലത്ത് ആഘോഷങ്ങളേക്കാൾ അനുരഞ്ജനത്തിനും ആർഭാടത്തേക്കാൾ ലാളിത്യജീവിതത്തിനും പ്രാധാന്യം കൊടുക്കുമ്പോഴാണ് ക്രിസ്തുമസ് ആത്മാവിന്റെ അനുഭവമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.