ലത്തീൻ നവംബർ 22 ലൂക്കാ 21: 1-4 നൈസർഗിക മൂല്യം

“അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ 21:3).

മതവിശ്വാസത്തിന്റെ പാലനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സമർപ്പിക്കപ്പെടുന്ന കാഴ്ചകൾക്ക് ‘സാമ്പത്തിക മൂല്യം‘ (Monetary Value), ‘നൈസർഗിക മൂല്യം‘ (Intrinsic Value) എന്നിങ്ങനെ രണ്ട് തരത്തിലുള്ള മൂല്യങ്ങൾ കൽപിച്ചു നൽകാനാകും. സാമ്പത്തിക മൂല്യത്തിന്റെ അടിസ്ഥാനം, സമർപ്പിക്കുന്നതിന്റെ അളവും വലുപ്പവുമാണെങ്കിൽ നൈസർഗിക മൂല്യത്തിന്റേത് സമർപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ആത്മസമർപ്പണമാണ്. മറ്റുള്ളവരുടെ സമർപ്പണത്തേക്കാൾ അധികമായി യേശു വിധവയുടെ സമർപ്പണത്തെ വിലമതിക്കുന്നതിനു കാരണം ഒന്നും നാളെക്കായി മാറ്റിവയ്ക്കാതെ നാളേക്കുള്ളത് ദൈവം തരും എന്ന വിശ്വാസത്തിൽ മുഴുവൻ നൽകിയ അവളുടെ സമർപ്പണത്തിൽ അടങ്ങിയിരിക്കുന്ന വലിയ ആത്മസമർപ്പണമാണ്.

ദൈവരാജ്യ ധനതത്വ ശാസ്ത്രത്തിന്റെ (Kingdom Economics) അടിസ്ഥാനം നൈസർഗിക മൂല്യം ആണെങ്കിൽ ലോക സാമ്പത്തിക ശാസ്ത്രത്തിന്റെ (World Economics) അടിസ്ഥാനം സാമ്പത്തിക മൂല്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.