ലത്തീൻ നവംബർ 21 യോഹ. 18: 33b-37 (ക്രിസ്തുവിന്റെ രാജത്വതിരുനാൾ) അഭൗമിക രാജ്യം

യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്‌ ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല” (യോഹ. 18:36).

അധികാരം, പ്രതാപം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയാണ് ലോകം രാജാവിനെയും രാജത്വത്തെയും നിർവചിക്കുന്നത്. കുരിശിൽ മരിച്ച നിന്ദിതനും പരാജിതനും പരിത്യക്തനുമായ രാജാവിന്റെ ചിത്രം വരച്ചുകാണിക്കുന്നത് ലോകത്തിന്റെ രാജത്വവീക്ഷങ്ങൾക്ക് ഘടകവിരുദ്ധമായ രാജാവിന്റെ ചിത്രമാണ്. സ്വർണ്ണകിരീടത്തിനു പകരം മുൾക്കിരീടം, ചെങ്കോലിനു പകരം ഞാങ്ങണ പത്തൽ, തൈലാഭിഷേകത്തിനു പകരം തുപ്പൽ കൊണ്ട് അഭിഷേകം, രാജകീയവസ്ത്രങ്ങൾക്ക് പകരം രക്തക്കറ പുരണ്ട് കീറിയ വസ്ത്രങ്ങൾ, സിംഹാസനത്തിനു പകരം കുരിശുമരം… ക്രിസ്തുവെന്ന രാജാവിന്റെ രാജത്വം അധിഷ്ഠിതമായിരിക്കുന്നത് അധികാരത്തിന്റെ ഉന്മാദത്തിലല്ല, മറിച്ച് സ്നേഹത്തിന്റെ വശ്യതയിലാണ്.

ഭൗമികരാജാക്കന്മാർ സ്ഥാപിച്ച സാമ്രാജ്യങ്ങൾ ചരിത്രപുസ്തകത്തിന്റെ ഏതാനും താളുകൾക്ക് ഇടം നൽകി നശിച്ചുപോയിരിക്കുന്നു. പക്ഷേ, ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം ഇന്ന് രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇരുനൂറു കോടി ജനങ്ങളുടെ ഹൃദയത്തിൽ വ്യാപിച്ചിരിക്കുന്നു. ദൈവരാജ്യം എന്നത് ഒരു രാഷ്ട്രീയ-ഭൗമിക യാഥാർഥ്യമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹത്തിനും കാരുണ്യത്തിനും മഹത്വത്തിനും പരിപാലനക്കും സമർപ്പിക്കപ്പെടുന്ന ഹൃദയങ്ങളിൽ നിലനിൽക്കുന്ന ആത്മീയ യാഥാർഥ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.