ലത്തീൻ ഒക്ടോബർ 22 ലൂക്കാ 12: 54-59 ആത്മീയ കാലാവസ്ഥാപ്രവചനം

“കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?” (ലൂക്കാ 12:56).

ഉറുമ്പുകൾ കൂട്ടമായെത്തി കയറുന്നതു കാണുമ്പോൾ അത്, മഴ വരുന്നു എന്നതിന്റെ  ഒരു അടയാളമാണ്. അതായത്, കാലാവസ്ഥാവ്യതിയാനം അനുസരിച്ച് തങ്ങളുടെ പ്രവർത്തികളെ ക്രമീകരിക്കാനുള്ള കഴിവ് ഇവക്കുണ്ട് എന്നർത്ഥം. ഇതുപോലെ തന്നെ കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച് ജീവിതശൈലിയെ ക്രമീകരിക്കുക എന്നത് മനുഷ്യന്റെ അസ്ഥിത്വത്തിനും അനിവാര്യമാണ്.

ഭൗതീകവാദത്തിന്റെയും ഉപഭോഗസംസ്കാരത്തിന്റെയും സ്വാധീനത്താൽ ചുറ്റുപാടുമുള്ള ധാർമ്മിക അന്തരീക്ഷത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ അവയോട് അനുരൂപരാകാതെ ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ മൂല്യാധിഷ്ഠിതജീവിതം നയിക്കുക എന്നത് ആത്മീയജീവിതത്തിലുള്ള നിലനിൽപ്പിനും വളർച്ചക്കും അത്യന്താപേക്ഷിതമാണ്.

സ്വവർഗ്ഗരതിയും ഭ്രൂണഹത്യയും വിവാഹേതരബന്ധങ്ങളും തിന്മ തന്നെയാണോ എന്ന് സംശയിക്കുകയും ഗർഭാവസ്‌ഥ രോഗവും ഭ്രൂണഹത്യ ചികിത്സയുമൊക്കെ ആയിക്കാണുന്ന ആധുനികസംസ്കാരത്തിന്റെ ചിന്താഗതികളെ ആത്മീയതയുടെ ശോഷണമായി കണ്ടറിഞ്ഞു അകറ്റിനിർത്തേണ്ടത് അനിവാര്യമാണ്.

ക്രിസ്തുശിഷ്യർക്ക് വർത്തമാനകാലം സമകാലിക സംഭവങ്ങളുടെ അനുഭവം മാത്രമല്ല, ആന്തരീകജീവിതത്തിന്റെ അഥവാ ആത്മീയകാലാവസ്ഥയെ വിവേചിച്ച് ജീവിതത്തെ ക്രമീകരിക്കുക എന്നത് ദൈവമക്കൾക്ക്  അനിവാര്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.