ലത്തീൻ ഒക്ടോബർ 17 മർക്കോ. 10: 35-45 നൈസര്‍ഗ്ഗികമൂല്യം

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണം” (വാക്യം 44).

വ്യക്തിമൂല്യം” (Personal Value) “സാമൂഹ്യ-അന്തസ്സ്” (Social Status) എന്നിവയെ തുല്യമായി കണ്ട്  മനസിലാക്കാൻ ശ്രമിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. സുവിശേഷത്തിൽ സെബദിപുത്രർ ഇപ്രകാരമൊരു ആശയക്കുഴപ്പത്തിൽപെട്ട് സ്ഥാനമാനങ്ങളിലധിഷ്ഠിതമായ സാമൂഹ്യ-അന്തസ്സിന് പ്രാധാന്യം കൊടുത്ത് ദൈവം നൽകിയ നൈസര്‍ഗ്ഗികമൂല്യത്തെ മറക്കുന്നു.

വ്യക്തിമൂല്യമെന്നത് ഒരു വ്യക്തിയുടെ നൈസര്‍ഗ്ഗികമൂല്യമാണ്. ഇത് മനുഷ്യസൃഷ്ടിയിൽ ദൈവത്താൽ  നൽകപ്പെടുന്ന മൂല്യമാണ്. “ദൈവത്തിന്റെ രൂപവും പ്രതിച്ഛായയും” (ഉൽ. 1:27) “മനുഷ്യശരീരം പരിശുദ്ധാത്മാവിന്റെ  ആലയം” (1 കോറി 6:19) എന്ന പഠനം തുടങ്ങിയവ ഈ വ്യക്തിമൂല്യത്തെ ഓർമ്മപ്പെടുത്തുന്ന വചനാസാക്ഷ്യങ്ങളാണ്. വ്യക്തിമൂല്യമെന്നത് എല്ലാ മനുഷ്യർക്കും ദൈവം തുല്യമായാണ് നൽകിയിരിക്കുന്നത്. എന്നാൽ സാമൂഹ്യ-അന്തസ്സ് എന്നത് സമൂഹം, പണം, സ്ഥാനമാനങ്ങൾ, സ്വാധീനങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സമൂഹം ഒരു വ്യക്തിക്ക് നൽകുന്നതാണ്. ഉദാഹരണത്തിന്, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, പണ്‌ഡിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവർക്ക് സമൂഹം ഉയർന്ന അന്തസ്സ് കൽപിച്ചുകൊടുക്കുന്നു. എന്നാൽ പരിചാരകന്‍, കൃഷിക്കാരൻ, ചുമട്ടുതൊഴിലാളി തുടങ്ങിയവർക്ക് കുറഞ്ഞ വ്യക്തിമൂല്യവും. ഇങ്ങനെ സമൂഹം അധീശന്മാരെയും (Social Superiors) അധീനന്മാരെയും (Social Inferiors) സൃഷ്ടിക്കുന്നു. ഇപ്രകാരമുള്ള മുന്‍വിധികളും മാനദണ്ഡങ്ങളും വച്ചുകൊണ്ടുള്ള വിവേചനപരമായ പെരുമാറ്റങ്ങൾ മനുഷ്യസൃഷ്ടി മാത്രമാണ്; ദൈവികപദ്ധതിയുടെ ഭാഗമല്ല. ദൈവദൃഷ്ടിയിൽ വിവേചനങ്ങളില്ല; എല്ലാവരും തന്റെ രൂപവും പ്രതിച്ഛായയും പേറുന്ന മക്കളാണ്.

യേശുഭാഷ്യത്തിൽ മഹത്വത്തിന്റെ അടിസ്ഥാനമെന്നത് സാമൂഹ്യ-അന്തസല്ല, വ്യക്തിയുടെ നൈസര്‍ഗ്ഗികമൂല്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതിനാലാണ് മഹത്വത്തിന്റെ മാനദണ്ഡമായി ശുശ്രൂഷയെ യേശു നിർദ്ദേശിക്കുന്നത്. മഹാനായ വ്യക്തിയുടെ മനസിൽ അധീനരില്ല, ഉള്ളതോ തുല്യമായ നൈസര്‍ഗ്ഗികമൂല്യം പങ്കിടുന്ന സഹജീവികൾ മാത്രം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.