ലത്തീൻ ഒക്ടോബർ 13 ലൂക്കാ 11: 42-46 സ്നേഹപ്രാമുഖ്യം

“ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍ നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങള്‍ അവഗണിച്ചുകളയുന്നു. ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ – മറ്റുള്ളവ അവഗണിക്കാതെ തന്നെ” (ലൂക്കാ 11:42).

ഏതൊരു കാര്യത്തിലും മികച്ചതിന്റെ പതർച്ച അതിനികൃഷ്ടമായിരിക്കും. വിദ്യാസമ്പന്നരുടെയും, പരിശീലനം സിദ്ധിച്ചവരുടെയും വീഴ്ച ഒരു ദുരന്തമായിരിക്കും. അപ്രകാരം യഹൂദ സമുദായത്തിൽ നേതൃത്വശുശ്രൂഷക്ക് വിളിക്കപ്പെട്ടിരുന്ന ഫരിസേയരുടെ കപടനാട്യവും സ്വാർത്ഥതയും യേശുവിൽ അസന്തുഷ്ടിയും നിരാശയും വേദനയും ഉളവാക്കി. അപ്രകാരമൊരു മാനസികാവസ്ഥയിൽ യേശു പുറപ്പെടുവിക്കുന്ന വ്യഥയുടെ വാക്കുകളാണ് അവന്റെ ദുരിത-പ്രസ്താവനകൾ (Woe Sayings). ഇത് നാശം ഉദ്ദേശിച്ചുള്ള ശാപവാക്കുകളല്ല. മറിച്ച്‌ മാനസാന്തരം ഉദ്ദേശിച്ചുള്ള ശാസനകളായിരുന്നു.

മോശയുടെ നിയമത്തെക്കുറിച്ചും യഹൂദപാരമ്പര്യങ്ങളെക്കുറിച്ചും ഏറെ പഠിച്ചിട്ടുള്ള ഫരിസേയർ ആ നിയമത്തിന്റെ അടിസ്ഥാനമായ സ്നേഹത്തെ അവധാനപൂർവ്വം മറക്കുന്നു. മൂല്യങ്ങളെക്കുറിച്ച് വളരെ തെറ്റായ ഒരു പ്രാധാന്യശ്രേണി കൽപിച്ച് ചെടികൾക്കും മറ്റും ദശാംശം കൊടുക്കുന്ന, പ്രാധാന്യം കുറഞ്ഞ പാരമ്പര്യങ്ങൾക്ക് അമിതപ്രധാന്യം കൊടുത്ത് സ്നേഹത്തെ വിസ്മരിച്ചു. മൂല്യങ്ങളുടെ ശ്രേണിയിൽ എപ്പോഴും സ്നേഹത്തെ ഒന്നാമതു പ്രതിഷ്ഠിക്കുമ്പോൾ മനുഷ്യമക്കൾ സ്നേഹം തന്നെയായ ദൈവത്തിന്റെ മക്കളാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.