ലത്തീൻ ആഗസ്റ്റ് 09 മത്തായി 17: 22-27 ക്രിസ്തീയ-പ്രീണനം

“…എങ്കിലും അവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ…” (വാക്യം 27).

റോമാ സാമ്രാജ്യം തങ്ങളുടെ പൗരന്മാരിൽ നിന്നും നികുതിയിൽ ഒഴിവാക്കിയിരുന്നുവെങ്കിലും തങ്ങളുടെ അധീനതയിലായിരുന്ന ഇസ്രായേൽ ഉൾപ്പെടെയുള്ള വിദേശീയരിൽ നിന്നും ഈടാക്കിയിരുന്നു. ഇതു കൂടാതെ ഇരുപത് വയസ് പൂർത്തിയായ ഓരോ യഹൂദനും രണ്ട് ദ്രാക്മ്മ ദൈവാലയത്തിലെ ആരാധനയുടെ നടത്തിപ്പിന് വാർഷിക നികുതിയായി നൽകാൻ കടപ്പെട്ടിരുന്നു (പുറ.30:11-16).

കഫർണാമിലെ ചുങ്കക്കാർ, യേശു ദൈവാലയ നികുതി അടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്ന് പത്രോസ് ഉത്തരം നൽകുന്നു. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും പൗരന്മാർക്കും നികുതിയിൽ നിന്നും ഒഴിവ് നൽകി തങ്ങൾ കീഴടക്കിയ വിദേശികളിൽ നിന്നും നികുതി ഈടാക്കുകയും ചെയ്യുന്നതുപോലെ യേശുവും ശിഷ്യന്മാരും ദൈവമക്കളെന്ന നിലയിൽ ദൈവാലയ നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടവരാണ് എന്ന് സ്വകാര്യമായി യേശു പത്രോസിനോട് പറയുന്നു. എങ്കിലും ആരുടെയും മനോവികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കാനായി താൻ പിടിക്കുന്ന മത്സ്യത്തിന്റെ വായിൽ നിന്നും ലഭിക്കുന്ന രണ്ട് നാണയത്തുട്ടുകൾ യേശുവിനും അവനും വേണ്ടി നികുതിയായി നല്‍കാൻ ആവശ്യപ്പെടുന്നു.

രണ്ട് കാരണങ്ങളാലാകാം ദൈവാലയ നികുതി അടക്കാൻ യേശു തയ്യാറാകുന്നത്. ഒന്നാമതായി, അടക്കാതിരുന്നാൽ ചുങ്കക്കാർ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ അവനെ ദൈവപുത്രനായി തിരിച്ചറിയുന്നത് പ്രകോപനകരമാകാം എന്നതിനാലും രണ്ടാമതായി നികുതിയടക്കാൻ നിർബന്ധിതരാകുന്ന പാവപ്പെട്ടവർക്ക് ദുർമാതൃകയാകാമെന്നതിനാലും.

മറ്റുള്ളവരിലെ ആക്ഷേപങ്ങൾ, പ്രകോപനങ്ങൾ, നീരസങ്ങൾ, അപവാദങ്ങൾ, മനോമുറിവുകൾ എന്നിവ ഒഴിവാക്കാനായി അനുവദനീയമായ ചില ആനുകൂല്യങ്ങളും അവകാശങ്ങളും പദവിചിഹ്നങ്ങളുമൊക്കെ വേണ്ടെന്നു വയ്ക്കുന്ന ക്രിസ്തീയ-പ്രീണനം വിശാലമായ അർത്ഥത്തിൽ സാക്ഷ്യമാണ്. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.