ലത്തീൻ സെപ്റ്റംബർ 27 ലൂക്കാ 9: 46-50 മാത്സര്യബുദ്ധി

“അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയന്‍” (ലൂക്കാ 9:48).

അലസതയും ജോലിരാഹിത്യവും കുടുംബങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിലും കുഴപ്പങ്ങളുടെ പ്രജനനകേന്ദ്രമാകാറുണ്ട്. ഇപ്രകാരം ഒന്നും ചെയ്യാനില്ലാത്ത ഒരു ദിനത്തിലായിരിക്കണം മനുഷ്യസഹജമായ  സ്വാഭാവിക മത്സരബുദ്ധി ശിഷ്യർക്കിടയിൽ തലയുയർത്തിയതും ആരാണ് വലിയവൻ എന്ന തർക്കത്തിലേക്ക് അവരെ നയിക്കുകയ്യുംചെയ്തത്. അവരുടെ അഹന്ത അവർക്കിടയിലെ തർക്കത്തിലൂടെ  വെളിപ്പെടുത്തപ്പെട്ടപ്പോൾ ഒരു സ്വയം വിലയിരുത്തലിനായി സമപ്രായക്കാരനായ ഒരാളെ കണ്ടെത്താതെ യേശു ഒരു ചെറിയ കുട്ടിയെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നു. താരതമ്യം, മാത്സര്യം എന്നിവ നിലനിൽക്കുന്നത് സമപ്രായകാർക്കിടയിലും സമസ്ഥാനീയർക്കിടയിലും ആയതിനാൽ എളിമയുടെ മാതൃകയായി ശിശുവിനെ കാണിക്കുന്നു. അതുപോലെ കർത്താവിന്റെ നാമം വിളിക്കാനും അവന്റെ നാമത്തിൽ പ്രവർത്തിക്കാനും കഴിയുന്നവനെ ഒരു പ്രതിയോഗി ആയിട്ടല്ല കാണേണ്ടത്, മറിച്ച് സഹശുശ്രൂഷകനായിട്ടാണ്.

ആത്മീയമേഖലയിൽ മാത്സര്യബുദ്ധി അസൂയ ജനിപ്പിക്കുമെന്നതിനാൽ ആന്തരീകജീവിതത്തെ അസ്വസ്ഥതപ്പെടുത്തകയും ദൈവികശുശ്രുഷയുടെ കൃപയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന മയക്കുമരുന്ന് പോലെയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.