ലത്തീൻ സെപ്റ്റംബർ 12 മർക്കോ. 8: 27-35 സഹനദാസർ

“ഞാൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന യേശുവിന്റെ ചോദ്യം തന്നെക്കുറിച്ച് ജനങ്ങളുടെ മനസിലുള്ള ചിത്രം എന്താണ് എന്നറിയാൻ യേശു ആകാംക്ഷാപൂർവ്വം ചോദിച്ച ഒരു ചോദ്യം മാത്രമായിരുന്നില്ല. മറിച്ച് തന്റെ യഥാർത്ഥ വ്യക്തിത്വത്തെ (ദൈവപുത്രൻ) കുറിച്ച് ശിഷ്യരുടെ മനസിലുള്ള ചിത്രം എന്താണെന്നറിയാനായിരുന്നു അപ്രകാരം ചോദിച്ചത്.

“നീ ക്രിസ്തു/ മിശിഹാ ആകുന്നു’ എന്ന് പത്രോസ് പ്രത്യക്ഷത്തിൽ നൽകിയ ഉത്തരം ശരിയാണെങ്കിലും അത് പ്രതാപശാലിയായ (Glorious Messiah) മിശിഹായെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തിന്റെ ഭാഗമായതിനാൽ തെറ്റായിരുന്നു എന്നു പറയാം. മിശിഹായുടെ യഥാർത്ഥ വ്യക്തിത്വത്തിന്റെ ചിത്രം “സഹിക്കുന്ന മിശിഹാ”യുടേത് (Suffering Messiah) ആണ്. ഇത് വക്തമാക്കാനാണ് “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു” (മർക്കോ 8:31) എന്ന് ശിഷ്യന്മാരെ യേശു ഓർമ്മപ്പെടുത്തിയത്. “നിനക്കിത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു തടസ്സം സൃഷ്ടിക്കുന്ന പത്രോസിന്റെ ചിത്രം വ്യക്തമാക്കുന്നത്, അവന് സഹിക്കുന്ന മിശിഹായുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിപരീതജ്ഞാനത്തെയാണ്.

എന്തുകൊണ്ടായിരിക്കാം ദൈവപുത്രൻ രക്ഷാകരചരിത്രത്തിൽ പ്രതാപശാലിയാകാതെ സഹനദാസനായത്? സഹിക്കുന്ന മനുഷ്യകുലത്തിനോട് അനുരൂപനാകനാണ് ചരിത്രത്തിൽ രക്ഷകൻ സഹനദാസനായത്. പ്രഭുത്വത്തിന്റെ ശക്തിയിൽ വർത്തിക്കുന്ന ഒരു പ്രതാപശാലിക്ക് സഹിക്കുന്നവർക്ക് സന്തോഷവാർത്തയാകാനോ, ദുഃഖിതർക്ക് ആശ്വാസമാകാനോ, ബന്ധിതർക്ക് മോചനമാകനോ സാധിക്കുകയില്ല. ജീവിതത്തിൽ ഏതു മേഖലയിലായാലും കൂടെ സഹിക്കുന്നവർക്കാണ് സഹനദാസരും അങ്ങനെ രക്ഷകരുമാകാൻ സാധിക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.