ലത്തീൻ ആഗസ്റ്റ് 19 മത്തായി 22: 1-14 മാർഗ്ഗതടസങ്ങൾ

“…ഒരുവൻ വയലിലേക്കും മറ്റൊരുവൻ വ്യാപാരത്തിനും പോയിക്കളഞ്ഞു”(വാക്യം 5).

എല്ലാ സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും വധൂവരന്മാർ തമ്മിലുള്ള  ഐക്യത്തിന്റെയും ഉഭയസമ്മതത്തിന്റെയും സന്തോഷം പങ്കുവയ്ക്കാനായി വിവാഹാഘോഷങ്ങൾ നടത്തപ്പെടുന്നതു പോലെ ദൈവവും (മണവാളൻ) മനുഷ്യകുലവും (മണവാട്ടി) തമ്മിലുള്ള അല്ലെങ്കിൽ ക്രിസ്തുവും (മണവാളൻ) സഭയും (മണവാട്ടി) തമ്മിലുള്ള ഐക്യത്തിൽ ആനന്ദിക്കാനായി സുവിശേഷം വിവാഹവിരുന്നിന്റെ ഉപമയിലൂടെ നമ്മെ ക്ഷണിക്കുന്നു.

ദൈവത്തിന്റെ ഈ ക്ഷണം സാർവ്വത്രികമാണെങ്കിലും ചിലർ അത് നിരസിക്കുന്നു. ചിലരെ “സ്വത്ത്‌” (Possession – ഒരുവൻ വയലിലേക്ക് പോയി), മറ്റു ചിലരെ “വ്യവഹാരം/ ഉദ്യോഗം” (Profession – മറ്റൊരുവൻ വ്യാപാരത്തിനും), പിന്നെ ചിലർക്ക് “ബന്ധങ്ങൾ” (Relationships – വിവാഹത്തിന്റെ ആദ്യനാളുകൾ) ഒക്കെ തടസങ്ങളായി വരുന്നു. സ്വത്തുക്കളോ, ഉദ്യോഗമോ, ബന്ധങ്ങളോ അതിനാൽ തന്നെ ഒരിക്കലും തിന്മയല്ല. പക്ഷേ, സ്വത്ത്‌ സ്വാർത്ഥത ജനിപ്പിക്കുമ്പോൾ, വ്യവഹാരങ്ങൾ വ്യവസ്ഥ തെറ്റിക്കുമ്പോൾ, ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ അവ രക്ഷയിലേക്കുള്ള പ്രവേശനത്തിന് തടസമാകുന്നു എന്നർത്ഥം.

എന്റെ സ്വത്തുക്കളോ, ഉദ്യോഗമോ, ബന്ധങ്ങളോ – പ്രാർത്ഥനയിലൂടെ ദൈവവുമായും ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തുവുമായും കൗദാശിക ജീവിതത്തിലൂടെ സഭയുമായുമുള്ള ഐക്യത്തിന് തടസം സൃഷ്ടിക്കുന്നുണ്ടോ?

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.