ലത്തീൻ ആഗസ്റ്റ് 03 മത്തായി 14: 22-36 വെല്ലുവിളികൾക്കിടയിലെ തീർത്ഥാടക സഭ

“…അവൻ ഭയപ്പെട്ട്‌ വെള്ളത്തിൽ മുങ്ങാൻ തുടങ്ങി” (വാക്യം 30).

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ജനതകളുടെ പ്രകാശം’ (Lumen gentium) എന്ന പ്രാമാണിക മാർഗ്ഗരേഖയിൽ ഏഴാം അദ്ധ്യായത്തിൽ തിരുസഭയെ “തീർത്ഥാടക സമൂഹം” (Pilgrim Community) എന്നാണ് വിളിച്ചിരിക്കുന്നത്. വള്ളം തീർത്ഥാടക സഭയെയും പത്രോസും മറ്റു ശിഷ്യരും തീർത്ഥാടകരെയും തിരമാലകൾ തീർത്ഥാടനത്തിൽ അനുഭവിക്കേണ്ടിവരുന്ന പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും ക്ലേശങ്ങളേയും ഞെരുക്കങ്ങളേയും സൂചിപ്പിക്കുന്നു.

ക്രൈസ്തവജീവിതമാകുന്ന തീർത്ഥാടനം ക്രിസ്‌തുവിൽ ദൃഷ്‌ടി കേന്ദ്രീകരിച്ചുള്ള ഒരു യാത്രയാണ്. ജലത്തിനു മുകളിൽ നടക്കുന്ന യേശുവിന്റെ മുഖത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു നടന്ന പത്രോസ് ജലത്തില്‍ മുങ്ങുന്നില്ല. എന്നാൽ ഭയവും സംശയവും അല്പവിശ്വാസവും മൂലം പത്രോസിന്റെ ശ്രദ്ധ യേശുവിൽ നിന്നും കടലിൽ ആഞ്ഞടിക്കുന്ന കാറ്റിലേക്കും കോളിലേക്കും തിരിഞ്ഞപ്പോൾ അവൻ വെള്ളത്തിൽ മുങ്ങാൻ തുടങ്ങി.

പ്രതിസന്ധികൾക്കിടയിലും ക്രിസ്‌തുവിൽ ദൃഷ്‌ടി കേന്ദ്രീകരിച്ചു യാത്ര ചെയ്യുന്ന ക്രൈസ്തവന് ക്ലേശങ്ങൾക്കു മുകളിലൂടെ പ്രത്യാശയോടെ നടന്നുനീങ്ങാൻ സാധിക്കും. ഞെരുക്കങ്ങളിൽ, പേടിച്ചുവിറയ്ക്കുന്ന നിമിഷങ്ങളിൽ പത്രോസിനെപ്പോലെ ദൈവകരങ്ങളാൽ എഴുന്നേൽക്കാനായി കൈകൾ ഉയർത്തുക. എഴുന്നേൽക്കുമ്പോൾ ജീവിതപ്രതിസന്ധികൾ എന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതായി തിരിച്ചറിയാൻ സാധിക്കും. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.