ലത്തീൻ ജൂലൈ 31 മത്തായി 14: 1-12 ദൈവഭയം 

“… അവന് യോഹന്നാനെ കൊല്ലണമായിരുന്നു എങ്കിലും അവൻ ജനത്തെ ഭയപ്പെട്ടു…” (വാക്യം 5). 

ഞാൻ രാജാവിന്റെ ദാസനാണ്, എന്നാൽ പ്രഥമമായി ദൈവത്തിന്റെ ദാസനാണ്” എന്നു പറഞ്ഞതിന് ഇംഗ്ലണ്ടിലെ ഹെൻറി രാജാവിനാൽ ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിയായ വി. തോമസ് മൂർ, ദൈവഭയം എന്ന പുണ്യത്തിന്റെ മൂർത്തീകരണമാണ്.

സ്നാപകയോഹന്നാൻ ദൈവത്തെ ഭയപ്പെട്ട ഒരുവനായിരുന്നുവെങ്കിൽ ഹേറോദേസിന് ദൈവഭയം ഇല്ലായിരുന്നു. യോഹന്നാന്റെത് “ദൈവഭയം” ആയിരുന്നുവെങ്കിൽ ഹേറോദേസിന്റെത് “മനുഷ്യ-ഭയം” ആയിരുന്നു. ഭാര്യയുടെയും പുത്രിയുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾക്കായിരുന്നു ഹേറോദേസ് പ്രാധാനം കൊടുത്തിരുന്നത്. സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വം ദൈവഭയം എന്ന പുണ്യത്തിന്റെ ഉൽകൃഷ്ടമായ ആവിഷ്കാരമാണ്. പ്രഭാഷകൻ പറയുന്നതുപോലെ “എല്ലാ ജ്ഞാനത്തിന്റെയും തുടക്കം ദൈവഭയമാണ്” (പ്രഭാ. 9:10) എന്നതിനാൽ നീതിയുടെ ഉറവിടമാണ് ദൈവഭയം എന്ന പുണ്യം.

ദൈവഭയം എന്നത് ദൈവത്താൽ ശിക്ഷിക്കപ്പെടും എന്ന ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന ഭീതിയല്ല. മറിച്ച് സർവ്വനന്മകൾക്കും കാരണഭൂതനായ ദൈവത്തെ ഒരിക്കൽപോലും ഞാൻ  മുറിപ്പെടുത്തുകയില്ല എന്ന മനോഭാവം ജനിപ്പിക്കുന്ന ഭയഭക്തിയാണ്. ദൈവഭയമുള്ള ഒരുവൻ ആരെയും ഭയപ്പെടുന്നില്ല. അതുപോലെ ആരും ദൈവഭയമുള്ളവനെ ഭയപ്പെടേണ്ടി വരികയുമില്ല! ആമ്മേൻ.

ഫാ ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.