ലത്തീൻ ജൂലൈ 30 മത്തായി 13: 54-58 അഭിനവ നസ്രത്തുകാർ

“അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല” (മത്തായി 13:58).

സംസക്തി അഥവാ അതിപരിചിതത്വം അവജ്ഞ ജനിപ്പിക്കുന്നു” എന്ന ചൊല്ല്  അന്വർത്ഥമാകുമാറ് സ്വദേശീയരായ നസ്രത്തുകാർക്ക് യേശു അനഭിമതനും  അഗ്രാഹ്യനുമാകുന്നു. തങ്ങൾക്ക് സുപരിചിതനായ ഒരു സാധാരണ മരപ്പണിക്കാരന്റെ വിജ്ഞാനവും ശക്തിയും അവരെ അതിശയപ്പെടുത്തിയെങ്കിലും അസൂയയാലും മുൻവിധികളാലും ക്രോധം പൂണ്ടവരായി യേശുവിനെ അവർ തിരസ്കരിക്കുന്നു.

യേശുവിനെ എല്ലാ അർത്ഥത്തിലും അറിയാമെന്ന് നടിക്കുമ്പോഴും അവനെ മനസ്സിലാക്കാൻ അവർ പരിശ്രമിക്കാതിരിക്കുന്നു. യേശുവിന്റെ സാധാരണത്വം  സൃഷ്ടിച്ച മുൻവിധി, അവൻ അനിതരസാധാരണമായ കൃപകൾ ഒന്നിനും യോഗ്യനല്ല എന്ന തീരുമാനത്തിലേക്ക് അവരെ എത്തിക്കുന്നു. യേശുവിനെയും അവന്റെ പ്രവൃത്തികളെയും വാക്കുകളെയും വിശ്വാസത്തിന്റെ കണ്ണുകളിൽ കൂടി കാണാതെ  വെറും അറിവിന്റെ പശ്ചാത്തലത്തിൽ മാത്രം മനസ്സിലാക്കാൻ പരിശ്രമിക്കുകയും അങ്ങനെ അവനെ തിരസ്കരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ പ്രതിനിധികളും പിൻതലമുറക്കാരുമാണ് നസ്രത്തുകാർ.

സംസക്തി അവജ്ഞ ഉളവാക്കിയാലും വിശ്വാസം ജനിപ്പിക്കുന്നത് ആരാധനയും അതിലൂടെ അത്ഭുതങ്ങളുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.