ലത്തീൻ ജൂലൈ 28 മത്തായി 13: 44-46 അമൂല്യരത്നവും നിധിയും

“... ദൈവരാജ്യം വയലിലെ നിധിയാണ്‌… വിലയേറിയ രത്‌നം പോലെയാണ്.”

സുവിശേഷത്തിലെ ‘വയലിലെ നിധി’, ‘അമൂല്യരത്‌നം’ എന്നിവ ദൈവത്താൽ ഭരിക്കപ്പെടുന്ന അനുഭവത്തിന്റെ പ്രതീകമാണ്. അത് സ്വന്തമാക്കാനായി എല്ലാം വിൽക്കണം എന്നാണ് യേശു ഓർമ്മിപ്പിക്കുന്നത്. ഈ ലോകജീവിതത്തിൽ സ്വന്തമായുള്ള എല്ലാ വസ്തുക്കളും സ്ഥാനമാനങ്ങളും വിട്ടുപേക്ഷിക്കണം എന്ന വാച്യാർത്ഥമല്ല ഇതിനുള്ളത്. കാരണം ദൈവരാജ്യം എന്നത് പണം കൊടുത്തു വാങ്ങിക്കാവുന്ന ഒന്നല്ല. ഈ ലോകവസ്തുക്കളോട് പാലിക്കേണ്ട നിസ്സംഗതയും (Detachment) ദൈവകാരുണ്യത്തില്‍ ആശ്രയിക്കാനുള്ള മനസ്സ് എന്നിവയാകാം യേശു ഓർമ്മിപ്പിക്കുന്നത്.

ക്രിസ്തുശിഷ്യന്റെ ജീവിതത്തിൽ പ്രാഥമ്യം കൊടുക്കേണ്ടത് ദൈവത്തിനും ദൈവാരാജ്യത്തിനും എന്നർത്ഥം. അതായത്, എന്റെ ജീവിതത്തിന്റെ ഘടനയിലേക്കും അന്തസത്തയിലേക്കും ദൈവവും ദൈവാരാജ്യവും കടന്നുവരണം. നിനക്കുള്ള ഏറ്റവും ഉൽകൃഷ്ടമായ നിധി നിന്റെ സ്വന്തമായുള്ള വസ്‌തുക്കളല്ല. മറിച്ച് നിന്നെ നിധി പോലെ കാത്തുസൂക്ഷിക്കുന്ന ദൈവമാണ് യഥാർത്ഥ നിധി. അതുപോലെ ഏറ്റവും വിലയേറിയ രത്‌നം നിന്നെ കണക്കില്ലാതെ വിലമതിക്കുന്ന ദൈവമാണ്. 

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.