ലത്തീൻ ജൂലൈ 24 മത്തായി 13: 24-30 നന്മ-തിന്മകളുടെ സഹവർത്തിത്വം

“…പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?” (വാക്യം 27).

കൃഷിഭൂമിയിൽ വിത്തിന്റെയും കളയുടെയും സഹവര്‍ത്തിത്വം എന്നും കർഷകന് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നതുപോലെ തന്നെ ലോകത്തിൽ തിന്മയുടെ സാന്നധ്യവും ഒപ്പം നന്മയുടെയും തിന്മയുടെയും സഹവർത്തിത്വവും തത്വചിന്തകരും ദൈവസത്രജ്ഞരും ഏറെ ചർച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ അവസ്ഥയിൽ “ഉന്മൂലനം” (iradication), “പ്രതിരോധം”(resistance) എന്നീ രണ്ട് വഴികളെക്കുറിച്ചാണ് ചിന്തിക്കാവുന്നത്. ദൈവം മനുഷ്യന്റെ സ്വതന്ത്രമനസിനെ ബഹുമാനിക്കുന്നതിനാൽ, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതിനാൽ പൂർണ്ണമായ ഉന്മൂലനം സാധ്യമല്ല.

ദൈവപിതാവിനെ പ്രതിനിധാനം ചെയുന്ന ഉപമയിലെ കൃഷിക്കാരൻ കളകൾ പറിച്ചുനീക്കരുത്, അവ വിത്തുകളുടെ കൂടെ വളരട്ടെ എന്ന് കൃഷിക്കാരോട് പറയുന്നതിന്റെ അഥവാ നന്മയുടെയും തിന്മയുടെയും സഹവർത്തിത്വം അനുവദിക്കുന്നതിന്റെ അർത്ഥം ഈ ലോകജീവിതത്തിൽ തിന്മയെയും ദുഷ്ടഘടനകളെയും എങ്ങനെ കൈകാര്യം ചെയണം എന്നുള്ള ഓർമ്മപ്പെടുത്തലാണ്. പ്രായോഗികമായി എന്നിലുള്ള തിന്മകളെ ദൈവകൃപയാൽ ഇല്ലായ്‌മ ചെയ്യാൻ കഴിയുമെങ്കിലും ലോകത്തിലുള്ള സകല തിന്മകളെയും ഉൻമൂലനം ചെയ്യാൻ എനിക്ക് സാധിക്കുകയില്ല. അതിനാൽ തിന്മയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി എന്നത് നമ്മിലെ ആത്മീയ പ്രതിരോധശക്തി വർദ്ധിപ്പിക്കുക എന്നതാണ്. ഓരോ തവണ പ്രതിരോധിക്കുമ്പോഴും എന്നിലെ ആത്മീയശക്തി വർദ്ധിക്കുകയാണ് ചെയുക.

ലോകത്തിലെ തിന്മയുടെ സാന്നിധ്യത്തിന്റെ പൂർണ്ണമായ ഉന്മൂലനം അപ്രാപ്യമായതിനാൽ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുന്നതാണ് ആത്മീയ വിവേകം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.