ലത്തീൻ ജൂൺ 20 മത്തായി 8: 23-27 ദൈവസാന്നിദ്ധ്യ ശക്തി  

“അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” (മര്‍ക്കോ‌. 4:40).

തിന്മയുടെ സാന്നിദ്ധ്യവും സ്വാധീനവുമുള്ളതിനാൽ ഈ ലോകത്തെ ഒരു സുരക്ഷിത സ്വർഗ്ഗമായി കാണാൻ സാധ്യമല്ല. “ശക്തമായ കൊടുങ്കാറ്റ്” (Violent Storm) അനുദിന ജീവിതതത്തിൽ നേരിടുന്ന  പ്രലോഭനങ്ങൾ, അപകടങ്ങൾ, ഏകാന്തത, ഉത്കണ്ഠ, രോഗങ്ങൾ, പരാജയങ്ങൾ എന്നിവയുടെ പ്രതീകമായി കാണാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ശിഷ്യരുടെ വിശ്വാസം ചലിക്കാൻ സാധ്യതയുണ്ട്.

വളരെ പ്രക്ഷുബ്ധമായ കൊടുങ്കാറ്റിനും തിരമാലകൾക്കിടയിലും അകപ്പെട്ട വഞ്ചിയിൽ ക്രിസ്തു വളരെ ശാന്തമായി ഉറങ്ങുന്നത് ഹൃദയസ്പർശിയായ ഒരു രംഗമാണ്. ദൈവപുത്രനായ ക്രിസ്തുവിന് തന്റെ പിതാവിനുള്ള ശിശുതുല്യമായ ആശ്രമത്തിന് പ്രകാശനമാണ് ഈ രംഗം. കൂടെയുള്ള പിതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്ന ദൈവപുത്രന് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ദൈവത്തിലുള്ള വിശ്വാസവും ആശ്രയത്വവും  പ്രക്ഷുബ്ധതരഹിതമായ ഒരു ജീവിതത്തിനുള്ള ഉറപ്പല്ല. മറിച്ച് ഉറപ്പുള്ളത് പ്രക്ഷുബ്ധഭരിതമായ സാഹചര്യങ്ങളിൽ കൂടെയുള്ള ദൈവസാന്നിദ്ധ്യമാണ്.

ശിശുതുല്യമായ ആശ്രയബോധത്തിൽ കൂടെയുള്ള ദൈവസാന്നിദ്ധ്യത്തെ വിളിച്ചുണർത്തുമ്പോഴാണ് ജീവിതത്തിൽ ശാന്തത സംജാതമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.