ലത്തീൻ ജൂൺ 16 മത്തായി 6:1-6; 16-18 ശാശ്വത സമ്മാനം 

“രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്ക് പ്രതിഫലം നല്‍കും” (മത്തായി 6:4).

മതവിശ്വാസങ്ങളുടെ ഭാഗമായി വരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഉദ്ദേശശുദ്ധിയെ പരിശോധിക്കുവാൻ യേശു ആഹ്വാനം ചെയ്യുന്നു. ദാനശീലം, പ്രാർത്ഥന, ഉപവാസം എന്നിവ വിവക്ഷിക്കേണ്ടത് പൊതുജനസമക്ഷമുള്ള  അവയുടെ പ്രകടനങ്ങളിലൂടെ നേടിയെടുക്കാവുന്ന വ്യക്തിപ്രചാരവും ആത്മാഭിവൃദ്ധിയുമല്ല. മറിച്ച് ദൈവമഹത്വം മാത്രമാണ്. നാം ദൈവത്തിനു വേണ്ടി എന്ത് ചെയ്യുന്നു എന്നതിനല്ല ഇവിടെ പ്രാധാന്യം, മറിച്ച് നമ്മുടെ നന്മപ്രവർത്തികൾക്ക് രഹസ്യങ്ങളുടെ നാഥനായ ദൈവം എന്ത് പ്രതിഫലം നൽകുന്നു എന്നതിനാണ്.

മനുഷ്യൻ കാംക്ഷിക്കുന്നതനുസരിച്ചല്ല ദൈവിക പ്രതിഫലം ലഭ്യമാകുന്നത്. മനുഷ്യപ്രശംസയ്ക്കായി ചെയ്തുകൂട്ടുന്നത് ഇഹലോകത്തിൽ തന്നെ അവശേഷിക്കുന്നു. വേഗത്തിൽ ലഭ്യമാകുന്ന ലൗകീകപ്രതിഫലങ്ങൾ ദൈവികദൃഷ്ടിയിൽ അർത്ഥശൂന്യമാണ്.

മനുഷ്യന്റെ സത്പ്രവർത്തികൾക്കായി സമയത്തിന്റെ പൂർണ്ണതയിൽ ദൈവം ഒരുക്കിവച്ചിരിക്കുന്ന സമ്മാനം ശാശ്വതവും നിത്യവുമായ ജീവനാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.