ലത്തീൻ മെയ് 16 മർക്കോ. 16: 15-20 (സ്വർഗ്ഗാരോഹണ തിരുനാൾ) ദൗത്യനിയോഗം

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20).

യേശുവിന്റെ സ്വർഗ്ഗാരോഹണ ദിനത്തിൽ ഒരു “ദൗത്യസമാപ്തിയും” (Mission Ending) “ദൗത്യനിയോഗവും” (Mission Sending) ധ്യാനവിഷയമാകുന്നു. മരണത്തെ തോൽപ്പിച്ച് ഉയർത്തെഴുന്നേറ്റപ്പോൾ തന്നെ ദൈവപുത്രനായ ക്രിസ്തു തന്റെ പിതാവ് ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി പിതാവിലേക്ക് തിരികെ പോകുന്നു. അവന്റെ സ്വർഗ്ഗാരോഹണത്തിൽ ഉത്ഥിതപ്രത്യക്ഷീകരണങ്ങളുടെ സമാപനമെന്നോണം ദൃശ്യമായ ഒരു വിടവാങ്ങൽ നടത്തുകയാണ് യേശുനാഥൻ. യഥാർത്ഥത്തിൽ സ്വർഗ്ഗാരോഹണ തിരുനാൾ ഒരു വിടവാങ്ങലിന്റെ ആഘോഷമല്ല, മറിച്ച് മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ (God with us in Flesh) വിടവാങ്ങലിലൂടെ സംജാതമാകുന്ന ആത്മാവാകുന്ന ദൈവത്തിന്റെ (God with us in Spirit)  ആഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്ന ആനന്ദത്തിന്റെ ആഘോഷമാണ്.

സ്വർഗ്ഗാരോഹണം എന്നത് വെറുമൊരു ലംബമാന വിടവാങ്ങൽ മാത്രമായിരുന്നില്ല, സമാന്തരമായി അതൊരു  ദൗത്യനിയോഗത്തിന്റെ കൈമാറൽ കൂടിയായിരുന്നു. യേശുവിന്റെ ശുശ്രുഷ ലോകത്തിലും ചരിത്രത്തിലും തുടരുക എന്ന ദൗത്യം. അവന്റെ രക്ഷാകരപ്രവർത്തനങ്ങൾ അന്ത്യം വരെ ലോകത്തിന്റെ അതിർത്തികൾ വരെ തുടരുക എന്നതാണ് ഏൽപ്പിക്കപെടുന്ന കർത്തവ്യം. സഭയുടെ ശുശ്രുഷകളായ നയിക്കുക, പ്രബോധിപ്പിക്കുക, വിശുദ്ധീകരിക്കുക എന്നിവയിലൂടെയും ഒപ്പം വിശ്വാസികളുടെ സാക്ഷ്യജീവിതത്തിലൂടെയുമാണ് ഇന്ന് സഭ ക്രിസ്തുവിന്റെ ദൗത്യങ്ങൾ തുടരുക. മാർപാപ്പയിൽ തുടങ്ങി മെത്രാന്മാരും പുരോഹിതരും അത്മായനേതൃനിരയുമടങ്ങുന്ന അധികാരശ്രേണി (hierarchy) വഴിയാണ്  സഭയിൽ ‘നയിക്കുക‘ എന്ന ശുശ്രുഷ നടത്തപ്പെടുക. വചനപ്രഘോഷണത്തിലൂടെയും സഭാപഠനങ്ങളിലൂടെയുമാണ് ‘പ്രബോധിപ്പിക്കുക‘ എന്ന ദൗത്യം നിറവേറ്റപ്പെടുക. കൂദാശകളുടെ പരികർമ്മത്തിലൂടെയാണ് ‘വിശുദ്ധീകരിക്കുക‘ എന്ന ശുശ്രുഷ നിർവ്വഹിക്കപ്പെടുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.