ലത്തീൻ ഏപ്രിൽ 09 യോഹ. 15: 9-17 ത്യാഗപൂര്‍ണ്ണ സ്നേഹം

ഞാൻ നിന്നെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക” (യോഹ. 15:12).

ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രസ്ഥാനീയവും അനിവാര്യവുമായ ഒരു ശിക്ഷണത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ യേശു ശിഷ്യന്മാരെ ഓർമ്മിപ്പിക്കുന്നു; “സ്നേഹത്തിന്റെ പരിശീലനം.” ബൈബിൾ പശ്ചാത്തലത്തിൽ സ്നേഹത്തിന്റെ വളർച്ചയിലും പ്രയോഗത്തിലും മൂന്ന് വ്യത്യസ്തഘട്ടങ്ങൾ തിരിച്ചറിയാൻ കഴിയും.

 I. ഘട്ടം 1: ആനുപാതികമായ സ്നേഹത്തിന്റെ ഘട്ടം (Proportionate Love):നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ വെറുക്കുക’ എന്നതായിരുന്നു ഈ ഘട്ടത്തിലെ ആളുകളെ നയിച്ച തത്വം. പഴയനിയമ കാലത്തെ ആളുകൾ ഈ തത്വമാണ് പരിശീലിച്ചിരുന്നത്. ഉദാഹരണത്തിന്, ലാമെക്ക് (ആദാമിനു ശേഷമുള്ള എട്ടാം തലമുറ) തന്നെ മുറിവേൽപ്പിച്ചതിന് ഒരു പുരുഷനെയും ഒരു ആൺകുട്ടിയെയും കൊന്നതായി തന്റെ ഭാര്യമാർക്കു മുന്നിൽ വീമ്പിളക്കുന്നതായി ഉൽപത്തി പുസ്തകത്തിൽ വിവരിക്കുന്നുണ്ട് (ഉൽ. 4:23). ഈ തത്വം തിരഞ്ഞെടുക്കപ്പെട്ടവർ (chosen) – വിജാതീയർ (Pagans), ശുദ്ധർ (clean) അശുദ്ധർ (unclean) എന്നിങ്ങനെ യഹൂദസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി. സ്നേഹമുള്ളവരെ സ്നേഹിക്കാൻ മാത്രമേ ഇത് ആളുകളെ കടപ്പെടുത്തുന്നുള്ളൂ.

II. രണ്ടാം ഘട്ടം: പരസ്പര സ്നേഹത്തിന്റെ ഘട്ടം (Mutual Love): “നിന്നെ  സ്നേഹിക്കുന്നതുപോലെ അയൽക്കാരനെയും സ്നേഹിക്കുക” (മത്തായി 22:39). ഇവിടെ സ്നേഹം പരിശീലനത്തിന്റെ മാനദണ്ഡം ‘യഥാർത്ഥ ആത്മസ്നേഹം’ (True Self-Love) എന്നതാണ്. അതിനാൽ “യഥാർത്ഥ ആത്മസ്നേഹം” (True-Self Love) എന്താണെന്ന് അറിയണം.

രണ്ട് തരത്തിലുള്ള ആത്മസ്‌നേഹമുണ്ട്: 1. ആത്മാഭിമാനവും (self-esteem), 2. സ്വാർത്ഥബുദ്ധിയും (Selfishness). ആത്മാഭിമാനവും ആത്മബഹുമാനവും സ്വഭാവസവിശേഷതകളായിട്ടുള്ളതാണ്  ‘യഥാർത്ഥ ആത്മസ്‌നേഹം’ എങ്കിൽ സ്വാർത്ഥതയുടെ സ്വഭാവമുള്ളതാണ് ‘തെറ്റായ ആത്മസ്‌നേഹം.’ മറ്റുള്ളവരെ സ്നേഹിക്കണമെങ്കിൽ എനിക്ക് യഥാർത്ഥ ആത്മസ്നേഹം ആവശ്യമാണ്.

III. മൂന്നാം ഘട്ടം: ത്യാഗപൂര്‍ണ്ണമായ സ്നേഹത്തിന്റെ ഘട്ടം (Sacrificial Love):ഞാൻ നിന്നെ സ്നേഹിച്ചതുപോലെ നിങ്ങളും  അന്യോന്യം സ്നേഹിക്കുക” (യോഹ. 15:12). റോമക്കാർക്കുള്ള ലേഖനത്തിൽ വി. പൗലോസ് ഈ സ്നേഹത്തിന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നു, “എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5:8). സ്വാഭാവിക പരിഗണനകളെ അതിലംഖിക്കുന്ന  സ്നേഹപരിശീലനമാണിത്. ത്യാഗപൂർണ്ണ സ്നേഹമെന്നത് ഒരു വൈകാരിക പ്രതികരണമല്ല, മറിച്ച് അത് ഒരു സമർപ്പണമാണ്. നിരുപാധികവും അപരിമിതവും സാകല്യവുമായ സ്നേഹപരിശീലനമാണത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.