ലത്തീൻ മെയ് 07 യോഹ. 15: 12-17 സ്നേഹിതൻ 

“ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന്‌ ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു” (യോഹ. 15:15).

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹ. 15:12) എന്നുള്ള സ്നേഹത്തിന്റെ പുതിയ ഉദ്ബോധനത്തിന്റെ പശ്ചാത്തലത്തിൽ യേശു തന്റെ ശിഷ്യരെ “സ്നേഹിതർ” (Friends) എന്ന് വിളിക്കുകയാണ്. ദൈവപുത്രന്റേതായ അസ്ഥിത്വ-മാഹാത്മ്യത്തിൽ ക്രിസ്തുവുമായിട്ടുള്ള ബന്ധത്തിൽ ശിഷ്യർ “ദാസർ” (Servants) മാത്രമാണെങ്കിലും അവർക്ക് സ്നേഹിതർക്കു തുല്യമായ വ്യക്തിമാഹാത്മ്യം നൽകുകയാണ്. സ്നേഹം (love), ദൃഢമൈത്രി (intimacy), വ്യക്തി-ജ്ഞാനം (knowledge of person). എന്നിവ സ്നേഹിതർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനങ്ങളാണ്. എന്നാൽ ഒരു ദാസൻ യജമാനന്റെ മനസോ പ്രവൃത്തികളോ അറിയാത്തവനാണ്. സന്തതസഹചാരികൾ എന്ന അർത്ഥത്തിൽ ഗുരുവായ യേശുവിന്റെ മനസ്സും വാക്കുകളും പ്രവർത്തികളും ഹൃദയപരമാർത്ഥതയും നന്നായി അറിയാവുന്നവരാണ് ശിഷ്യർ.

യേശുവിന്റെ അസ്തിത്വത്തെ ചൂഴ്ന്നുനിൽക്കുന്ന ദൈവത്തെക്കുറിച്ച് ശിഷ്യർക്ക് അറിവുള്ളപ്പോഴും അവൻ അവരുടെ പാപങ്ങൾ കഴുകിയതും അവൻ അവർക്കായി കുരിശിൽ സ്വജീവൻ ബലിയർപ്പിച്ചതും സ്നേഹിതർ തമ്മിലുള്ള ആത്മബന്ധത്തിന്റെ യഥാർത്ഥ പ്രകാശനങ്ങളായി. അത് ശിഷ്യരുടെ വ്യക്തിമാഹാത്മ്യത്തെ ഉയർത്തുകയും ചെയ്തു. യജമാന-ദാസബന്ധത്തെക്കാളും, ഗുരു-ശിഷ്യബന്ധത്തേക്കാളും അധികമായി ക്രിസ്തുവുമായി സ്നേഹിതർക്കു തുല്യമായ സ്നേഹവും ദൃഢമൈത്രിയും വ്യക്തി-ജ്ഞാനവും സമ്മാനിച്ച ആത്മബന്ധമാണ് ശിഷ്യർക്ക് പിന്നീടുള്ള അപ്പസ്തോലിക ജീവിതത്തിൽ ഊർജ്ജസ്രോതസ്സായി വർദ്ധിച്ചത്.

ഇപ്രകാരം അവന്റെ ദൈവപുത്രത്വത്തെക്കുറിച്ചുള്ള ആത്മജ്ഞാനവും അവനോടുള്ള ആത്മസ്നേഹവും  ജനിപ്പിക്കുന്ന സ്നേഹിതർക്ക് തുല്യമായ ആത്മബന്ധമാണ് യഥാർത്ഥ ക്രൈസ്തവസാക്ഷ്യ-ജീവിതത്തിന്  ക്രൈസ്തവർക്ക് ഊർജ്ജമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.