ലത്തീൻ മെയ് 04 യോഹ. 14: 27-31a ക്രിസ്തുസാന്നിധ്യം – സമാധാനം

“ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ” (യോഹ. 14:27).

പരസ്പരം സമാധാനം ആശംസിക്കുക എന്നത് വിശുദ്ധ ബലിയർപ്പണത്തിലെ കർമ്മങ്ങളിലൊന്നാണ്.  ഇന്നത്തെ സുവിശേഷഭാഗം ഈയൊരു കർമ്മത്തിന്റെ അർത്ഥതലങ്ങളിലേക്ക് വെളിച്ചം വീശുന്നു. “ലോകം നൽകുന്ന സമാധാനം” (Peace Given by World) “ക്രിസ്തു നൽകുന്ന സമാധാനം” (Peace Given by Christ) എന്നിങ്ങനെ രണ്ടു തരം സമാധാനങ്ങളെക്കുറിച്ച് സുവിശേഷത്തിൽ യേശു വരെ ഓർമ്മപ്പെടുത്തുന്നു.

വേദനകളുടെയും ദുഃഖങ്ങളുടെയും അഭാവം സമ്മാനിക്കുന്ന ഒരു അനുഭവമായി സമാധാനത്തെ ലോകം  നിർവചിക്കുന്നു. ലോകം തരുന്ന ഈ സമാധാനാനുഭവത്തിന് പരിമിതി എന്നത് നൈമിഷികമാണ് എന്നുള്ളതാണ്. അതായത്, മറ്റൊരു ദുഃഖത്തിന്റെ അനുഭവം ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമാധാനം അപ്രത്യക്ഷമാകുന്നു.

എന്നാൽ ക്രിസ്തു തരുന്ന സമാധാനം എന്നത് ദുഃഖങ്ങളുടെയും വേദനകളുടെയും ഇല്ലായ്മയല്ല, മറിച്ച് ജീവിതപ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യേ പ്രശാന്തമായ മാനസികാവസ്ഥ നിലനിർത്തുവാനും  അചഞ്ചലമായ ആന്തരികജീവിതം നയിക്കുവാനും സാധിക്കുന്ന ഒരു അവസ്ഥയാണത്. അതായത്,  പ്രക്ഷുബ്ധമായ കടലിന്റെ മധ്യത്തിൽ ആയിരിക്കുമ്പോഴും കുലുങ്ങാതെ മുന്നോട്ടുപോകുവാൻ സാധിക്കുന്ന അനുഭവമാണത്.

നിത്യം ജീവിക്കുന്ന ക്രിസ്തുവിന്റെ കൂടെയുള്ള സാന്നിധ്യമാണ് ഈ സമാധാന അനുഭവം. ഈ അനുഭവമാണ് എണ്ണമറ്റ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും മദ്ധ്യേ ഹൃദയത്തിൽ സന്തോഷത്തോടെ മുന്നോട്ടുപോകുവാനും  താൻ ഭാരമേറിയ സുവിശേഷദൗത്യം പൂർത്തിയാക്കാനും വി. പൗലോസിനെ സഹായിച്ചത് (2 കൊറി. 11:23-29).

പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും അഭാവമല്ല ക്രൈസ്തവന് യഥാർത്ഥ സമാധാനം. മറിച്ച് ജീവിതപ്രക്ഷുബ്ധതകളുടെ മധ്യത്തിൽ ശാന്തത സമ്മാനിക്കുന്ന ക്രിസ്തു സാന്നിധ്യമാണ് സമാധാനം.  ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.