ലത്തീൻ ഏപ്രിൽ 23 യോഹ. 6: 52-59 വസ്തുതാപരമായ സാന്നിധ്യം

“എന്റെ ശരീരം യഥാർത്ഥ ഭക്ഷണവും രക്തം യഥാർത്ഥ പാനീയവുമാണ്” (വാക്യം 55).

യേശുവിന്റെ ഈ വചനങ്ങൾ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ വസ്തുതാപരമായ സാന്നിധ്യത്തിന് അടിത്തറ നൽകുന്ന ദൈവവചന ഭാഗമാണ്. ഈ വചനങ്ങളെ ശബ്ദാര്‍ത്ഥപ്രകാരമായെടുത്ത യഹൂദർ അവൻ, നരമാംസ ഭോജനത്തെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് ചിന്തിച്ചിട്ടുണ്ടാകണം. മാത്രവുമല്ല, യഹൂദരെ സംബന്ധിച്ചിടത്തോളം രക്തമെന്നത് ദൈവികത നൽകപ്പെട്ടിട്ടുള്ള പദാർത്ഥവുമാണ് (ലേവ്യ 7:17). അതിനാൽ, ഈ വചനങ്ങൾ യഹൂദർക്കിടയിൽ ചിന്താകുഴപ്പത്തിനും വഴക്കിനും കാരണമാക്കി. പക്ഷേ, യേശു ഇതിലൂടെ പരാമർശിച്ചത് തന്റെ ശരീരവും രക്തവുമാകുന്ന ദിവ്യകാരുണ്യത്തെക്കുറിച്ചാണ്.

ദിവ്യകാരുണ്യത്തിലെ യേശുവിന്റെ “വസ്‌തുതാപരമായ സാന്നിധ്യം” (Real Presence) എന്നത് യേശുവിന്റെ കാലത്തെ യഹൂദർക്കെന്നതുപോലെ ഇന്നും അനേകർക്ക്‌ വിശ്വസിക്കാൻ സാധിക്കാത്ത ഒരു സത്യമാണ്.  അപ്പവും വീഞ്ഞും അവന്റെ ഒരു പ്രതീകമാണെന്ന് അവർ അംഗീകരിക്കുന്നു. യേശു വിശുദ്ധ കുർബാന സ്ഥാപനവേളയിൽ അപ്പവും വീഞ്ഞും വാഴ്ത്തി നൽകിയശേഷം അരുൾചെയ്തത്, “ഇത് എന്റെ പ്രതീകമാണ്. നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുക” എന്നല്ല. മറിച്ചു, “ഇത് എന്റെ ശരീരവും രക്തവുമാണ് ” എന്നാണ്.

ഉപകരണങ്ങളിലും യന്ത്രങ്ങളിലും രേഖപ്പെടുത്തപ്പെടുന്നവയുടെ മാത്രം അസ്‌തിത്വം അംഗീകരിക്കുന്ന ആധുനിക ശാസ്ത്രലോകത്ത്‌ ഒരു പരീക്ഷണവും, നാം സ്വീകരിക്കുന്ന അപ്പം യേശുവിന്റെ  ശരീരമാണെന്നതിന് തെളിവ് തരില്ല. വിശ്വസനേത്രങ്ങൾക്കു മാത്രമേ ദിവ്യകാരുണ്യത്തിലുള്ള അവന്റെ വസ്തുതാപരമായ സാന്നിധ്യത്തെ അംഗീകരിക്കാനാകൂ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.