ലത്തീൻ ഏപ്രിൽ 21 യോഹ. 6: 35-40 ഞാൻ ജീവന്റെ അപ്പമാകുന്നു

“ദിവ്യകാരുണ്യ ചൊല്ല്‌” എന്നോ “ദിവ്യകാരുണ്യ വെളിപാട്” എന്നോ വിശഷിപ്പിക്കാവുന്ന, “ഞാൻ ജീവന്റെ അപ്പമാകുന്നു” (I am the Bread of Life) എന്ന വചങ്ങളിലൂടെ തന്നെ സ്വർഗ്ഗത്തിൽ നിന്നും വന്ന, ജീവന്റെ അപ്പമായി വിശ്വസിച്ചു സ്വീകരിക്കാൻ ജനക്കൂട്ടത്തെ ക്ഷണിക്കുന്നു.

ഞാൻ‘, ‘ജീവൻ‘, ‘അപ്പം‘ എന്നീ മൂന്നു പദങ്ങളാണ് യേശു തന്റെ ദിവ്യകാരുണ്യ പ്രഭാഷണത്തിൽ ഉപയോഗിക്കുന്നത്. ഈ മൂന്ന് പദങ്ങളുടെ അന്തരാർത്ഥത്തെക്കുറിച്ചുള്ള ധ്യാനം ദിവ്യകാരുണ്യത്തെക്കുറിച്ച് അഗാധമായ അർത്ഥതലങ്ങളിലേക്ക് നയിക്കുന്നു.

“ഞാൻ ആകുന്നു” (I AM): ഈ നാമപ്രയോഗം വിരൽചൂണ്ടുന്നത് യേശുവിന്റെ ദൈവത്തിലേക്കാണ്. ദൈവം തന്നെത്തന്നെ മോശക്ക് ‘ഞാൻ ഞാൻ ആകുന്നു’ (I am Who Am) എന്ന് വെളിപ്പെടുത്തിയതുപോലെയുള്ള യേശുവിന്റെ ദൈവത്വത്തിന്റെ വെളിപ്പെടുത്തലാണിത്.

“അപ്പം” (Bread): ഈ പ്രതീകം സൂചിപ്പിക്കുന്നത് ദിവ്യകാരുണ്യത്തിൽ യേശുവിനെ സ്വീകരിക്കുന്ന ‘വചനമാകുന്ന അപ്പം’ (Bread of Word), ‘ശരീരമാകുന്ന അപ്പം’ (Bread of Body) എന്നിവയെയാണ്.

“ജീവൻ” (Life): വിശുദ്ധ ഗ്രന്ഥ പശ്ചാത്തലത്തിൽ, ആത്മീയാർത്ഥത്തിൽ ജീവനെന്നത് വെറും ശാരീരിക ജീവന്റെ നിലനിൽപ്പല്ല. ജീവന്റെ ഉറവിടമായ ദൈവവുമായുള്ള സംസർഗ്ഗമാണ്.

അതായത്, ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ ‘ഞാൻ ആകുന്നു’ അഥവാ ദൈവവുമായുള്ള എന്റെ സംസർഗ്ഗം അഥവാ ജീവന്റെ അനുഭവം സാധിതമാക്കുന്നത് അപ്പം അഥവാ ദിവ്യകാരുണ്യമാണ്‌. ഈ നിരന്തര സംസർഗ്ഗാനുഭവത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നതുപോലെ, വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും പരമകാഷ്‌ഠയുമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.