ലത്തീൻ ഏപ്രിൽ 20 യോഹ. 6: 30-35 ആത്മീയവിശപ്പിന്റെ അപ്പം

” _ഞാനാണ് ജീവന്റെ അപ്പം. എന്നെ സ്വീകരിക്കുന്നവന് ഒരിക്കലും വിശക്കുകയില്ല_” (വാക്യം 30).

അന്ത്യദിനത്തിൽ മിശിഹാ പ്രത്യക്ഷപ്പെടുമ്പോൾ മോശയുടെ കാലത്തെന്നപോലെ ആകാശത്തു നിന്നും മന്നാ പെയ്യിക്കും എന്നൊരു വിശ്വാസം യഹൂദരുടെ ഇടയിൽ ഉണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ ചുവടുപിടിച്ചായിരിക്കണം അവനിൽ വിശ്വസിക്കേണ്ടതിന് അപ്രകാരമൊരു അടയാളം പ്രവർത്തിക്കാൻ യഹൂദർ യേശുവിനോട് ആവശ്യപ്പെടുന്നത്.

മരുഭൂമിയിൽ വിശന്നുവലഞ്ഞ ജനം രോഷം പൂണ്ട് എല്ലാത്തിനും കാരണക്കാരൻ മോശയാണെന്ന് ആരോപിച്ച് അവനെ കല്ലെറിയാൻ തുടങ്ങുമ്പോൾ മോശ ദൈവത്തോടപേക്ഷിച്ച്‌ സ്വർഗ്ഗത്തിൽ നിന്നും അപ്പം (മന്നാ) പെയ്യിച്ചു നൽകുന്നു. യഥാർത്ഥത്തിൽ മോശയല്ല, മറിച്ച് ദൈവമാണ് അപ്പം നൽകിയത്. ഇപ്പോഴിതാ, പുതിയനിയമത്തിൽ യേശു തന്നെ അപ്പമായി തന്നെത്തന്നെ നൽകുന്നു. ഇതാണ് ദിവ്യകാരുണ്യം. ലോകത്തിന്റെ നശ്വരമായ അപ്പത്തിന് ശമിപ്പിക്കാൻ കഴിയാത്ത ഒരു വിശപ്പ് മനുഷ്യനിലുണ്ട്. അത് ദൈവത്തിനുവേണ്ടിയുള്ള വിശപ്പാണ്. അത് ശമിപ്പിക്കാൻ അവനു മാത്രമേ കഴിയൂ.

വിശുദ്ധ ബലിയർപ്പണത്തിൽ നാം രണ്ടുതരം അപ്പം സ്വീകരിക്കുന്നു. തിരുവചന ശുശ്രൂഷയിൽ നാം സ്വീകരിക്കുന്ന “വചനമാകുന്ന അപ്പം” (Bread of  Word), അപ്പശുശ്രൂഷയിൽ സ്വീകരിക്കുന്ന “ശരീരമാകുന്ന അപ്പം” (Bread of Body) എന്നിവയാണ് അവ. വചനമാകുന്ന അപ്പം മനസിന്റെ വിശപ്പ് ശമിപ്പിക്കുന്നവെങ്കിൽ ശരീരമാകുന്ന അപ്പം ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.