ലത്തീൻ ഏപ്രിൽ 14 യോഹ. 3: 16-21 സത്യപ്രകാശം

“ഇതാണ് ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു” (യോഹ. 3:19).

✝ ‘പ്രകാശം ലോകത്തിലേക്ക് വന്നു’ എന്നത് ക്രിസ്തു ലോകത്തിലേക്ക് വന്നു എന്നതും, ‘എന്നാൽ ലോകം പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ തിരഞ്ഞെടുത്തു’ എന്നത് പ്രധാന പുരോഹിതന്മാർ, ജനപ്രമാണിമാർ, ഫരിസേയർ, സദുക്കായർ തുടങ്ങിയവർ ക്രിസ്തുവിന്റെ പഠനങ്ങളെ തിരസ്കരിച്ചതിനെയും സൂചിപ്പിക്കുന്നു.

“ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു” (യോഹ. 13:30) എന്ന് യൂദാസിനെ പ്രതിപാദിക്കുന്ന വചനവും, യേശുവിനെ കാണുവാനായുള്ള നിക്കോദേമുസിന്റെ രാത്രിയിലെ വരവും പ്രതീകാത്മകമായി മനുഷ്യന്റെ കൃപയ്ക്കുമേൽ പാപത്തിന്റെയും, നന്മയ്ക്കുമേൽ തിന്മയുടെയും, അസത്യത്തിനുമേൽ സത്യത്തിന്റെയും, ജീവനു മേലുള്ള മരണത്തിന്റെയും തിരഞ്ഞെടുപ്പിനെയാണ് അർത്ഥമാക്കുന്നത്.

തന്റെ യഹൂദ മതവിശ്വാസത്തിന്റെ ഭാഗമായിരുന്ന മോശയുടെ പാരമ്പര്യങ്ങളിൽ (Mosaic Traditions) കെട്ടുപിണഞ്ഞു നിന്നിരുന്ന ഒരു ജീവിതമായിരുന്നതിനാൽ യേശു തന്റെ വചനങ്ങളിലൂടെ പകർന്നുകൊടുത്ത സത്യത്തിന്റെ പ്രകാശത്തെ ദർശിക്കുവാൻ നിക്കോദേമൂസിന് ബുദ്ധിമുട്ട് തോന്നി. അതുപോലെ തന്നെ സത്യത്തെ അന്വേഷിച്ച പീലാത്തോസ് തന്റെ മനഃസാക്ഷിയേയെക്കാൾ അധികമായി ജനക്കൂട്ടത്തിന്റെ നിർബന്ധങ്ങൾക്കു വഴങ്ങിയപ്പോൾ യേശുവെന്ന സത്യപ്രകാശത്തെ കാണാതെ പോയി (യോഹ. 18:38).

ആദിപാപത്തിന്റെ ഫലമായി മനുഷ്യകുലത്തിൽ സംജാതമായ വീഴ്ച-പ്രകൃതി (Fallen Nature) മനുഷ്യനെ എപ്പോഴും അന്ധകാരോന്മുഖരാക്കി അഥവാ പാപോന്മുഖരാക്കി നിർത്തുന്നു. മനുഷ്യന്റെ വീഴ്ചപ്രകൃതിയുടെ പ്രത്യേകതകളായ മുൻവിധികൾ, അഹങ്കാരം, അസൂയ, സ്വാർത്ഥത തുടങ്ങിയവയിൽ കെട്ടുപിണഞ്ഞു കിടക്കുമ്പോൾ നാം പ്രകാശത്തേക്കാൾ അന്ധകാരത്തെ തിരഞ്ഞെടുക്കുന്നവരായി. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.