ലത്തീൻ ഫെബ്രുവരി 25 മത്തായി 7: 7-12 പിതൃനന്മ

“മക്കള്‍ക്ക് നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്ന് ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും!” (മത്തായി 7:11).

ചോദിക്കുക‘, ‘അന്വേഷിക്കുക‘, ‘മുട്ടുക‘ എന്നിവ ആത്മീയപരിശീലനമായ പ്രാർത്ഥനയെയാണ് പ്രതിനിധാനം ചെയ്യുക. മക്കളുടെ പ്രീതി പിടിച്ചുപറ്റാനായി, ചോദിക്കുന്നതെന്തും നൽകുന്ന ഒരു പിതാവ് ഉത്തരവാദിത്വബോധമുള്ള ഒരു പിതാവല്ല. മക്കളെ ജീവിതകാലം മുഴുവൻ കോരിക്കൊടുത്ത് വളർത്തുന്ന പിതാവ്  മക്കളെ വഷളനന്മാരാക്കുന്ന പിതാവ് ആയിരിക്കും.

ഭൗതികസമൃദ്ധിക്കും ആർഭാടത്തിനുമായി മനുഷ്യർ ചോദിക്കുന്നതെന്തും  പ്രാർത്ഥനയ്ക്ക് ഉത്തരമായി നൽകുന്നവനല്ല സ്വർഗ്ഗസ്ഥനായ പിതാവ്. മറിച്ച് തന്റെ മനുഷ്യമക്കൾക്ക് നന്മയ്ക്ക് ഉതകുന്നതെന്തോ അത് നല്കുന്നവനാണ്. ദൈവപിതാവിന്റെ നന്മയുടെ അടിസ്ഥാനം എന്നത്, മനുഷ്യമക്കൾ ചോദിക്കുന്നതെല്ലാം നൽകുക എന്നതിലല്ല മറിച്ച്, മനുഷ്യമക്കൾക്ക് നന്മ ആയിട്ടുള്ളത് എന്തോ അത് നൽകുന്നതിലാണ്.

പ്രാർത്ഥിക്കുമ്പോൾ നീ ചോദിക്കുന്നതെല്ലാം നൽകുന്ന വഷളനായ ഒരു പിതാവിനോടല്ല മറിച്ച്, നിനക്ക് നന്മ ആയിട്ടുള്ളതെന്തോ അത് നൽകുന്ന സ്നേഹപിതാവിനോട് പ്രാർത്ഥിക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.